കൊച്ചി: മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തില്‍ ഉടമകളെ കൈയ്യൊഴിഞ്ഞ് നിര്‍മ്മാതാക്കള്‍. ഫ്ളാറ്റുകള്‍ നിയമാനുസൃതമായാണ് ഉടമകള്‍ക്ക് വിറ്റതെന്നും പദ്ധതിയുമായി തങ്ങള്‍ക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. നിലവില്‍, ഉടമകള്‍ തന്നെയാണ് നികുതി അടക്കുന്നത്. ഫ്ളാറ്റുമായി ബന്ധപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. നഗരസഭയ്ക്ക് നല്കിയ മറുപടിയിലാണ് ഇക്കാര്യം ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് കുടുംബങ്ങള്‍ക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയം സെപ്റ്റംബര്‍ 20 നകം പൊളിച്ചു മാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെയാണ് നഗരസഭ നടപടിയുമായി മുന്നോട്ട് പോയത്.
അതേസമയം, താമസക്കാരെ ആര് ഒഴിപ്പിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് നഗരസഭയ്ക്കോ, ജില്ലാ ഭരണകൂടത്തിനോ യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഫ്ളാറ്റുടമുകള് അനിശ്ചിതകാല സമരത്തിലാണ്. ഒഴിപ്പിക്കലിനെതിരെ നാളെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉടമകള്‍.