കൊച്ചി; പാലാരിവട്ടം പാലത്തിന്റെ പുനനിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ പാലത്തിന്റെ പുനനിര്‍മ്മാണം ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കോഴിക്കോട് വെച്ച് ഇ ശ്രീധരനും ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരും പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. പാലത്തിന്റെ നിര്‍മ്മാണം ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഉടനടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയെ ഏല്‍പ്പിക്കാനാണ് ധാരണയായത്.
സര്‍ക്കാരുമായി കരാര്‍ ഒപ്പുവെയ്ക്കാനായാല് ഒക്ടോബര്‍ മാസം തുടക്കത്തില്‍ തന്നെ നിര്‍മ്മാണം ആരംഭിക്കാനാണ് സൈാസെറ്റിയുടെ തീരുമാനം. നിര്മ്മാണത്തകരാറും ബലക്ഷയവും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇ. ശ്രീധരന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൂര്‍ണ്ണമായും പാലം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയാലും അത് എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അതിനാല്‍ പൊളിച്ച് പണിയുന്നതാണ് നല്ലതെന്നും ഇ. ശ്രീധരനുമായുള്ള കൂടിക്കാഴ്ചയില്‍ നിര്‍ദ്ദേശിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.