ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായ ഗുസ്തി താരം ദീപക് പൂനിയ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ നിന്ന് പിന്മാറി. കണങ്കാലിനേറ്റ പരുക്ക് കാരണമാണ് പൂനിയ മത്സരത്തില്‍ നിന്നും പിന്മാറിയത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്ന ഏക ഇന്ത്യക്കാരനാണ് പൂനിയ. 86 കിലോഗ്രാം ഫൈനലില്‍ ഇറാന്റെ ഹസന്‍ യാസ്ദാനിയെയായിരുന്നു പൂനിയ നേരിടേണ്ടിയിരുന്നത്. ഇന്ന് വൈകുന്നേരമാണ് ഫൈനല്‍ നടക്കേണ്ടത്.
സുശീല്‍ കുമാറിന് ശേഷം ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാകാനുള്ള ദീപകിന്റെ പരിശ്രമത്തിനാണ് തിരിച്ചടിയായത്. മത്സരത്തില്‍ നിന്നും പിന്മാറിയതോടെ പൂനിയയ്‌ക്ക് വെള്ളി മെഡല്‍ ലഭിക്കും. ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, രവി കുമാര്‍ ദാഹിയ എന്നിവര്‍ നേരത്തെ വെങ്കലം നേടിയിരുന്നു.
ടൂര്‍ണമെന്റില്‍ ഇനി അവശേഷിക്കുന്ന ഏക ഇന്ത്യന്‍ ഗുസ്തി താരം രാഹുല്‍ അവെയര്‍ ആണ്. 61 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരെ ഇന്ന് വെങ്കല മെഡലിനായി പോരാട്ടത്തിനും ഇറങ്ങും















