Special

‘ഹൗഡി മോദി’യിലേക്ക് അമേരിക്കന്‍ പ്രസിഡന്റിനെ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആമുഖ പ്രസംഗം

സുപ്രഭാതം ഹൂസ്റ്റണ്‍,

സുപ്രഭാതം ടെക്‌സാസ്,

സുപ്രഭാതം അമേരിക്ക,

ഇന്ത്യയിലേയും ലോകത്തെമ്പാടുമുള്ള എന്റെ സഹ ഇന്ത്യക്കാര്‍ക്ക് ആശംസകള്‍.

സുഹൃത്തുക്കളെ,

ഈ പ്രഭാതത്തില്‍ വളരെ വിശിഷ്ടനായ ഒരു വ്യക്തി നമുക്കൊപ്പമുണ്ട്. അദ്ദേഹത്തെ കുറിച്ച് ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യം ഇല്ല. ഈ ഭൂമിയിലെ ഓരോരുത്തര്‍ക്കും അദ്ദേഹത്തിന്റെ പേര് സുപരിചിതമാണ്.

ആഗോള രാഷ്ട്രീയത്തെ കുറിച്ച് ലോകത്ത് നടക്കുന്ന ഏതാണ്ട് എല്ലാ ചര്‍ച്ചകളിലും അദ്ദേഹത്തിന്റെ പേര് പൊന്തിവരും. അദ്ദേഹത്തിന്റെ ഓരോ വാക്കും ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ പിന്തുടരുന്നു.

ഈ മഹത്തായ രാഷ്ട്രത്തിന്റെ അത്യുന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്നെ കുടുംബങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പേരിന് വളരെ പ്രചാരം ലഭിച്ചിരുന്നു.

സി.ഇ.ഒ യില്‍ നിന്ന് കമാന്‍ഡര്‍ ഇന്‍ ചീഫിലേക്ക്, ബോര്‍ഡ് റൂം മുതല്‍ ഓവല്‍ ഓഫീസ് വരേയ്ക്ക്, സ്റ്റുഡിയോകളില്‍ നിന്ന് ആഗോള വേദികളിലേയ്ക്ക്, രാഷ്ട്രീയത്തില്‍ നിന്ന് സമ്പദ്ഘടനയിലേക്കും, സുരക്ഷയിലേക്കും ആഴത്തിലുള്ളതും, ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതുമായ സ്വാധീനം അദ്ദേഹം എല്ലായിടത്തും ചെലുത്തി.

ഇന്ന് അദ്ദേഹം നമ്മോടൊപ്പമുണ്ട്. ഈ മഹത്തായ സ്റ്റേഡിയത്തിലേയ്ക്കും അതിഗംഭീരമായ ചടങ്ങിലേയ്ക്കും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അഭിമാനവും, വിശേഷ ഭാഗ്യവുമുണ്ട്.

അദ്ദേഹവുമായി ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്താന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഓരോതവണയും അദ്ദേഹത്തിന്റെ, അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ് ട്രംപിന്റെ ചങ്ങാത്തവും ഊഷ്മളതയും, പ്രസരിപ്പും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

ഇത് അസാധാരണമാണ്, ഇത് അഭൂതപൂര്‍വ്വമാണ്.

സുഹൃത്തുക്കളെ,

ഞാന്‍ നിങ്ങളോടു പറഞ്ഞതുപോലെ കുറേത്തവണ ഞങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോഴൊക്കെ അദ്ദേഹത്തിന് അതേ ഊഷ്മളതയും, സൗഹൃദവും, പ്രസരിപ്പും, നര്‍മ്മബോധവും ഉണ്ടായിരുന്നു. മറ്റ് ചിലതിന്റെ കൂടി പേരിലാണ് ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നത്.

അദ്ദേഹത്തിന്റെ നേതൃപാടവം, അമേരിക്കയോടുള്ള അഭിനിവേശം, ഓരോ അമേരിക്കക്കാരനേയും കുറിച്ചുള്ള ഉത്കണ്ഠ, അമേരിക്കയുടെ ഭാവിയിലുള്ള വിശ്വാസം, ഒപ്പം അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ഉറച്ച നിശ്ചയദാര്‍ഢ്യം.

അദ്ദേഹം ഇതിനകം തന്നെ അമേരിക്കന്‍ സമ്പദ്ഘടനയെ വീണ്ടും കരുത്തുറ്റതാക്കി മാറ്റി. അമേരിക്കയ്ക്കും ലോകത്തിനും വേണ്ടി അദ്ദേഹം ഒട്ടേറെ നേട്ടങ്ങളുണ്ടാക്കി. ഇന്ത്യയിലുള്ള നാം പ്രസിഡന്റ് ട്രംപുമായി നല്ലതുപോലെ ബന്ധപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപിന്റെ ‘ഇത്തവണ ട്രംപ് സര്‍ക്കാര്‍’ എന്ന വാക്കുകള്‍ ഉച്ചത്തില്‍ വ്യക്തമായി മുഴങ്ങുകയും, വൈറ്റ് ഹൗസിലുള്ള അദ്ദേഹത്തിന്റെ ആഘോഷങ്ങളില്‍ ദശലക്ഷക്കണക്കിന് ആള്‍ക്കാരുടെ മുഖങ്ങള്‍ സന്തോഷത്താലും, അഭിനന്ദനത്താലും തിളങ്ങുകയും ചെയ്തു.

ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, ‘വൈറ്റ് ഹൗസില്‍ ഇന്ത്യയ്ക്ക് ഒരു യഥാര്‍ത്ഥ സുഹൃത്തുണ്ട്’. ഇന്നത്തെ ഇവിടുത്തെ അങ്ങയുടെ സാന്നിധ്യം അതിന് തെളിവാണ്.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ രണ്ട് രാഷ്ട്രങ്ങളും പരസ്പര ബന്ധങ്ങള്‍ പുതിയ ഉയരങ്ങളില്‍ എത്തിച്ചു. ഹൂസ്റ്റണിലെ ഈ പ്രഭാതത്തില്‍ മിസ്റ്റര്‍ പ്രസിഡന്റ്, ലോകത്തെ രണ്ട് വലിയ ജനാധിപത്യങ്ങള്‍ തമ്മിലുള്ള മഹത്തായ കൂട്ടുകെട്ടിന്റെ ഹൃദയമിടിപ്പ് ഈ ആഘോഷത്തിന്‍ അങ്ങേയേക്ക് കേള്‍ക്കാം.

മഹത്തായ രണ്ട് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള മനുഷ്യബന്ധങ്ങളുടെ കരുത്തും, ആഴവും അങ്ങേയ്ക്ക് അനുഭവിക്കാം. ഹൂസ്റ്റണില്‍ നിന്ന് ഹൈദരാബാദിലേയ്ക്കും, ബോസ്റ്റണില്‍ നിന്നും ബംഗലുരുവിലേയ്ക്കും, ഷിക്കാഗോയില്‍ നിന്ന് ഷിംലയിലേക്കും, ലോസ് ഏഞ്ചല്‍സില്‍ നിന്ന് ലുധിയാനയിലേക്കുമുള്ള എല്ലാ ബന്ധങ്ങളുടേയും അകക്കാമ്പ് മനുഷ്യരാണ്.

ഞായറാഴ്ച രാത്രി വൈകിയാണെങ്കിലും ഇന്ത്യയിലും ലോകത്തെ മ്പാടും വിവിധ സമയഘട്ടങ്ങളിലുള്ള ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ തങ്ങളുടെ ടിവിയില്‍ ഇപ്പോള്‍ കണ്ണുംനട്ട് നമ്മോടൊപ്പമുണ്ട്. ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് അവര്‍ ദൃക്‌സാക്ഷികളാവുകയാണ്.

മിസ്റ്റര്‍ പ്രസിഡന്റ്, 2017 – ല്‍ അങ്ങ് അങ്ങയുടെ കുടുംബത്തെ എനിക്ക് പരിചയപ്പെടുത്തി. ഇന്ന് ലോകത്തെമ്പാടുമുള്ള ഒരു ബില്യണിലധികം വരുന്ന ഇന്ത്യാക്കാരും, ഇന്ത്യന്‍ പൈതൃകം ഉള്‍ക്കൊള്ളുന്നവരും അടങ്ങുന്ന എന്റെ കുടുംബത്തെ അങ്ങേയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.

മഹതികളെ, മഹാന്മാരെ, ഇന്ത്യയുടെ ഒരു സുഹൃത്തായ, മഹാനായ അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ് ട്രംപിനെ നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ അവതരിപ്പിക്കുന്നു.

6 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close