മാഡ്രിഡ്: സ്പാനിഷ് ലീഗിലെ രണ്ടാംജയവുമായി റയല്‍ മാഡ്രിഡ് തലപ്പത്ത്.ഒസാസുനയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് റയല്‍ തോല്പിച്ചത്.വിനീഷ്യസ് ജൂനിയറും റോഡ്രിഗോയുമാണ് റയലിനായി ഗോളുകള്‍ നേടിയത്.ബ്രസീലിയന്‍ ദേശീയ താരങ്ങളായ ഇരുവരും ശരിക്കും ജയമൊരു ആഘോഷമാക്കി.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ മുപ്പത്തിയാറാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയറും 72-ാം മിനുറ്റില്‍ റൊഡ്രിഗോയും ഒസാസുനയുടെ പ്രതിരോധം ഭേദിച്ചു.ബ്രസീലിയന്‍ യുവതാരമായ വിസീനിയസ് ജൂനിയര്‍ ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത മികച്ച ഷോട്ടാണ് 36-ാം മിനിറ്റിലെ ആദ്യഗോളായി മാറിയത്.രണ്ടാം പകുതിയില്‍ റോഡ്രിഗോ ഇടതുവിംഗിലൂടെ കയറിവന്ന് താഴ്‌ത്തിയടിച്ച ഷോട്ടാണ് രണ്ടാമത്തെ ഗോളായത്.
സിനഡിന്‍ സിദാനെയുടെ ടീം വില്ലാറയിലിനെതിരെ കളിപ്പിച്ച ടീമില്‍ ഗാരെത്ത ബെയിലിനെ ബഞ്ചിലിരുത്തി ഹസാര്‍ഡ്,കുര്‍ട്ടോയിസ്,ബെന്‍സേമാ,റോഡ്രിഗസ് എന്നിവരെ കളിപ്പിക്കുകയായിരുന്നു.
ജയത്തോടെ പോയിന്റ് പട്ടികയില്‍ വെള്ള ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ റയല്‍ ഒന്നാം സ്ഥാനത്തെത്തി. ആറ് കളികളില്‍ നിന്ന് 14 പോയിന്റാണ് നിലവില്‍ റയലിനുള്ളത്. രണ്ടാംസ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്‌ക്ക് 13 പോയിന്റുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.















