ആലുവ; കൃത്യനിര്‍വഹണത്തിനിടെ സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഭീഷണി നേരിടേണ്ടി വന്ന കളമശ്ശേരി എസ്.ഐ അമൃത് രംഗന് പോലീസ് സേനയുടെ ഗുഡ് സര്‍വീസ് എന്‍ട്രി. വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡ് കേന്ദ്രീകരിച്ച് നടന്ന ലഹരിമരുന്നു വേട്ടയാടലും പ്രതികളെ കുടുക്കിയതുമാണ് ഗുഡ് സര്‍വീസ് എന്‍ട്രിയ്ക്ക് കാരണം.
കുസാറ്റിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയില്‍ സിപിഎം ഏരിയ സെക്രട്ടറിയും എസ്ഐയും ഫോണിലൂടെ നടത്തിയ തര്‍ക്കം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എസ് എഫ് ഐ ജില്ലാ പ്രസിഡന്റിനെ ജീപ്പില്‍ കയറ്റിയതിനെ തുടര്‍ന്ന് ഭീഷണിയുമായെത്തിയ സക്കീറിന് ചുട്ട മറുപടിയായിരുന്നു അമൃത് രംഗന് നല്‍കിയത്. ആരെയുംപേടിച്ച് ജീവിക്കുന്നു ആളല്ല താന്‍ എന്നും, നല്ല ധൈര്യമുണ്ടെന്നുമായിരുന്നു എസ് ഐയുടെ മറുപടി.
കുസാറ്റിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് എസ് എഫ് ഐ നേതാവിനെ എസ് ഐ ജീപ്പില്‍ കയറ്റി കൊണ്ടു പോയത്. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി സിപിഎം നേതാവ് സക്കീര്‍ ഹുസൈന് എത്തിയത്. കളമശ്ശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസ്സിലാക്കി പെരുമാറുന്നതാകും തനിക്ക് നല്ലത് എന്നായിരുന്നു നേതാവിന്റെ ഭീഷണി. എന്നാല്‍ തനിക്ക് ആരെയും പേടിക്കണ്ട കാര്യമില്ലെന്നും ആരുടെയും കാല് പിടിച്ചല്ല മറിച്ച് പരീക്ഷ എഴുതിയാണ് താന്‍ പോലീസ് ആയതെന്നും ആയിരുന്നു അമൃത് രംഗനന്റെ മറുപടി.