Special

മഹാത്മഗാന്ധി, അസ്തമിക്കാത്ത ആദര്‍ശതേജസ്

ഭാരതത്തില്‍, ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന പാദങ്ങള്‍ മുതല്‍ക്ക് സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതു വരേയ്ക്കും മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ല മഹാത്മാഗാന്ധിയെന്ന വിശ്വവ്യക്തിത്വത്തിന്റെ പ്രസക്തി. ഒരു രാഷ്ട്രതന്ത്രജ്ഞനെന്നതിലുപരി, ഭാരതത്തിന്റെ സുദീര്‍ഘമായ ഭാവിയെയും, സര്‍വ്വതോന്മുഖമായ വികസനത്തെയും പറ്റി വിശാലമായി സ്വപ്നം കാണുവാനും, സുവ്യക്തമായ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുവാനും ഗാന്ധിജിയ്ക്കു സാധിച്ചു.

ഗാന്ധിജിയുടെ കാഴ്ചപ്പാടുകളെയും, കണ്ടെത്തലുകളെയും വിവിധ തലങ്ങളില്‍ ഇന്നും ചര്‍ച്ചചെയ്യപ്പെടുകയും, ഗവേഷണവിധേയമാവുകയും ചെയ്യുന്നത്, സര്‍വ്വകാലപ്രസക്തമായ ആ ആശയങ്ങളുടെ സമഗ്രത കൊണ്ടു കൂടിയാണ്. ഗാന്ധിയന്‍ ഇക്കണോമിക്‌സ്, ഗാന്ധിയന്‍ ഫിലോസഫി, ഗാന്ധിയന്‍ എത്തിക്‌സ് എന്നിങ്ങനെ ശാസ്ത്രത്തിന്റെയും, ജീവിതരീതിയുടെയും, രാഷ്ട്രനിര്‍മ്മിതിയുടെയും തുടങ്ങി വിവിധ തലങ്ങളില്‍ ഗാന്ധിയന്‍ കാഴ്ചപ്പാടുകള്‍ ഇന്നും പഠനവിധേയമാകുന്നുണ്ട്.

Loading...

വിദ്യാഭ്യാസം, ആരോഗ്യം, നയതന്ത്രം, വൈരുദ്ധ്യോപക്ഷേപം (conflict resolution), പരിസ്ഥിതി, മിതോപഭോഗം, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങളിലെ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഈ വിഷയങ്ങളിലെ എക്കാലത്തെയും മികച്ച കണ്ടെത്തലുകള്‍ തന്നെയായിരുന്നുവെന്നതില്‍ തര്‍ക്കമില്ല.

പ്രായോഗിക ആദ്ധ്യാത്മികതയുടെ വക്താവും, പ്രയോക്താവുമായിരുന്ന ഗാന്ധിജിയുടെ എക്കാലത്തെയും ഊര്‍ജ്ജസ്രോതസ്സ് ഭഗവദ്ഗീതയായിരുന്നുവെന്ന് ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ധാര്‍മ്മികതയില്‍ അടിയുറച്ച ചിന്താപദ്ധതിയും, ലാളിത്യത്തിന്റെ മഹോന്നതഭാവങ്ങളെ ജീവിതത്തിലുടനീളം ശ്രദ്ധാപൂര്‍വ്വം കരുതിയ വ്യക്തിത്വവും, അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും കൊണ്ട് അദ്ദേഹം കീഴടക്കിയത് അസംഖ്യം മനസ്സുകളെ മാത്രമല്ല, പ്രത്യുത സ്വാതന്ത്ര്യം എന്ന ഭാരതത്തിന്റെ ചിരകാലസ്വപ്നസാക്ഷാത്കാരത്തില്‍ വലിയൊരളവില്‍ രക്തം ചിന്തല്‍ ഒഴിവാക്കാനും അദ്ദേഹത്തിന്റെ അഹിംസാവ്രതം ഉപകരിച്ചു. ഒരു സായുധസമരത്തിനു മുന്‍പില്‍ ഒരു പക്ഷേ പിടിച്ചു നില്‍ക്കുമായിരുന്ന ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഉരുക്കുമുഷ്ഠിയെ അടിയറവു പറയിക്കാന്‍ പോന്ന ശക്തിയും, സൗന്ദര്യവും ഗാന്ധിജി വിഭാവനം ചെയ്ത സത്യാഗ്രഹം എന്ന, അഹിംസയിലൂന്നിയ സമരപദ്ധതിയ്ക്കുണ്ടായിരുന്നു.

ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഇന്നും ലോകം മുഴുവന്‍ പഠിയ്ക്കുകയും, പഠിപ്പിയ്ക്കപ്പെടുകയും ചെയ്യുമ്പൊഴും, ഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, ശുചിത്വം തുടങ്ങിയ ഭാരതത്തിന്റെ ആത്മഭാവത്തോടു ചേര്‍ന്നു നില്‍ക്കുന്നതും, ഇവിടുത്തെ പ്രകൃതിയോടും, സമൂഹത്തോടും നീതിപുലര്‍ത്തുന്നതുമായ പദ്ധതികള്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്വച്ഛ് ഭാരത് പോലെയുള്ള പദ്ധതികളിലൂടെ നാം ഇന്നു വിജയപഥത്തില്‍ എത്തിച്ചു കഴിഞ്ഞു.

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന അദ്ദേഹത്തിന്റെ വീക്ഷണത്തിലേയ്ക്ക് സ്വാതന്ത്ര്യാനന്തരം ആറു പതിറ്റാണ്ടുകള്‍ക്കിപ്പുറവും, നാം പൂര്‍ണ്ണമായും എത്തിച്ചേര്‍ന്നിട്ടില്ല എന്നത് ഒരു വസ്തുതയായി അവശേഷിയ്ക്കുന്നു. ഗാന്ധിജിയുടെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കുന്നതിന് ആർജ്ജവമുള്ള നേതൃത്വമാണ് ഇന്ന് ഭാരതത്തിലുള്ളത്. അതിനാൽ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ സാക്ഷാത്കാരം വിദൂരമല്ല എന്നു നമുക്കു പ്രത്യാശിക്കാം.

അന്താരാഷ്ട്ര അഹിംസാദിനം കൂടിയായി ലോകം ആചരിയ്ക്കുന്ന മഹാത്മാവിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ജനം ടി.വിയുടെ സാദരപ്രണാമം

9 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close