വിശാഖപട്ടണം: ടെസ്റ്റിൽ ഓപ്പണറായുള്ള അരങ്ങേറ്റമത്സരത്തിൽ സെഞ്ച്വറി നേടി ഹിറ്റ് മാൻ രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ രോഹിത്തിന്റെ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 202 റൺസ് എന്ന നിലയിലാണ്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രോഹിത് ശർമ്മയും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. റബാദയും ഫിലാൻഡറും മികച്ച രീതിയിൽ പന്തെറിഞ്ഞതിനാൽ ഇന്ത്യൻ തുടക്കം സാവധാനമായിരുന്നു. പിന്നീട് ഫോമിലേക്കുയർന്ന രോഹിത് 154 പന്തിലാണ് സെഞ്ച്വറി നേടിയത്. 12 ഫോറുകളും അഞ്ച് സിക്സറുകളും രോഹിത് അടിച്ചു കൂട്ടി.
രോഹിതിനൊപ്പം ഓപ്പൺ ചെയ്ത മായങ്ക് അഗർവാളും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യൻ സ്കോർ 200 റൺസ് കടന്നത്. 183 പന്തിൽ 84 റൺസുമായി ക്രീസിലുള്ള മായങ്ക് 11 ഫോറുകളും 2 സിക്സറുകളും അടിച്ചുകൂട്ടി. മത്സരം മോശം കാലാവസ്ഥയെ തുടർന്ന് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്.















