Special

ഭാസ്‌കര്‍ റാവുജി മഷി പുരളാത്ത വെള്ളമുണ്ട്

ജി.കെ. സുരേഷ് ബാബു

ഭാസ്‌കര്‍ റാവുജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്നലെ സമാപിച്ചു. എറണാകുളം ഭാസ്‌ക്കരീയത്തില്‍ നടന്ന സമ്മേളന ചടങ്ങില്‍ ആദ്യന്തം പങ്കെടുക്കാനായില്ലെങ്കിലും കഴിഞ്ഞ രണ്ടുദിവസത്തെ ചിന്തകളിലും ഓര്‍മ്മകളിലും ഭാസ്‌കര്‍ റാവുജി തന്നെയായിരുന്നു. നൂറുവര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ 1972 മുതലെങ്കിലും പരിചയമുണ്ടായിരുന്നു എന്നതാണ് ഓര്‍മ്മയില്‍ തെളിഞ്ഞുവന്ന ഒരുകാര്യം.

സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കളില്‍ ജീവിതത്തെ സ്വാധീനിച്ച് കുറെ ആളുകളുണ്ട്. അതില്‍ പരമേശ്വര്‍ജിക്കൊപ്പം തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ഭാസ്‌കര്‍ റാവുജി. അടിയന്തിരാവസ്ഥയ്ക്ക് മുന്‍പുതന്നെ നാട്ടിലെ കുമരന്‍ചിറയില്‍ നടന്ന ഒരു സാംഘിക്കിലാണ് ആദ്യമായി ഭാസ്‌കര്‍ റാവുജിയെ കണ്ടത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം പറഞ്ഞ എല്ലാമൊന്നും മനസ്സിലായില്ലെങ്കിലും നൈര്‍മല്യമാര്‍ന്ന ചിരിയും ഓരോരുത്തരെയും പരിചയപ്പെടുമ്പോഴുള്ള അദ്ദേഹത്തിന്റെ സ്‌നേഹോദാത്തമായ പെരുമാറ്റവും വല്ലാതെ ആകര്‍ഷിച്ചു. അടിയന്തിരാവസ്ഥയ്ക്കു ശേഷം മുഖ്യശിക്ഷകനായിരിക്കെ ഞങ്ങളുടെ ശാഖയില്‍ പ്രാന്തപ്രചാരകന്‍ ആയ ഭാസ്‌കര്‍ റാവുജി എത്തി. അന്ന് മറ്റു ശാഖകളില്‍ നിന്നും ഒക്കെ പ്രവര്‍ത്തകര്‍ അവിടെ എത്തിയിരുന്നു. ഭയഭക്തി ബഹുമാനത്തോടെയാണ് അന്ന് അദ്ദേഹത്തെ കണ്ടത്. അന്ന് സോമരാജനായിരുന്നു ശാഖയുടെ ശിക്ഷകന്‍. മറ്റ് ശാഖകളില്‍ നിന്നൊക്കെ മുതിര്‍ന്ന പ്രവര്‍ത്തകരും കാര്യകര്‍ത്താക്കളും അവിടെ എത്തിയിരുന്നു.

Loading...

അന്ന് ഭാസ്‌കര്‍ റാവുജിയുടെ ബൗദ്ധിക്കിന്റെ (പ്രഭാഷണം) വാക്കുകള്‍ ആണ് ഇന്നും ഭാസ്‌കര്‍ റാവുജിയുടെ ഓര്‍മ്മകള്‍ ഒരു ദീപസ്തംഭം പോലെ മനസ്സില്‍ തങ്ങിനില്‍ക്കാന്‍ കാരണം. അന്നദ്ദേഹം പറഞ്ഞു, ‘കേരളീയര്‍ വെളുത്ത മുണ്ടുകള്‍ ഉടുക്കുന്ന ആളുകളാണ്. മുണ്ട് കഴുകിയുണക്കുമ്പോള്‍ അതിന്റെ വെണ്മ നിലനിര്‍ത്താന്‍ നമ്മള്‍ നീലമൊക്കെ മുക്കാറുണ്ട്. ശുഭ്രസുന്ദരമായ ആ വെളുത്ത മുണ്ടില്‍ ഒരു തുള്ളി കറുത്ത മഷി വീണാല്‍ എന്താകും ഫലം? പിന്നെ ആ മുണ്ടുടുക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് സംഘസ്വയംസേവകന്റെ ജീവിതവും. ഓരോ സ്വയംസേവകന്റെയും ജീവിതം ലോകം മുഴുവന്‍ നമ്രശിരസ്സോടെ കാണുന്ന സുശീലത്തിന്റേതാകണം. നമ്മള്‍ പ്രാര്‍ത്ഥനയില്‍ പറയുന്നത് സുശീലം ജഗത്യേന നമ്രം ഭവേത് എന്നാണ്. ആ നല്ല ശീലത്തില്‍ വീഴുന്ന കറുത്ത പാട് പോലെയാണ് വെളുത്ത മുണ്ടിലെ ഒരു മഷിക്കുത്ത്.’ ഭാസ്‌ക്കര്‍ റാവുജി ഓരോ സ്വയംസേവകന്റെയും മുന്നില്‍വച്ച മഷിപുരളാത്ത മുണ്ട് സ്വന്തം ജീവിതമായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു. പിന്നാലെ വന്ന ഹരിയേട്ടനും സേതുവേട്ടനും ഗോപാലകൃഷ്ണന്‍ ചേട്ടനും ശശിയേട്ടനും ഇപ്പോഴത്തെ പ്രാന്തപ്രചാരക് ആയ ഹരികൃഷ്ണന്‍ ചേട്ടന്‍ വരെയുള്ള മഷി പുരളാത്ത മുണ്ടുകളുടെ ഒരു കൂട്ടത്തെ തന്നെയാണ് ഭാസ്‌കര്‍ റാവുജി സംഘകുടുംബത്തിന് സ്വന്തം ജീവിതത്തിലൂടെ കൈമാറിയത്.

ജീവിതത്തിന്റെ വഴിത്താരയില്‍ സംഘത്തിന്റെ ആദര്‍ശനിഷ്ഠയിലൂടെ എന്നും നടക്കാന്‍ പ്രേരിപ്പിച്ചത് ഭാസ്‌കര്‍ റാവുജിയുടെ ഈ വാക്കുകള്‍ തന്നെയായിരുന്നു. ഒരുപക്ഷേ, അധര്‍മ്മത്തിന് കീഴടങ്ങാതെ ധര്‍മ്മത്തിനുവേണ്ടി മാത്രം നിലകൊള്ളാന്‍ പ്രേരകമായതും ഈ വാക്കുകളും ആദര്‍ശത്തിന്റെ സാധനാപഥവും തന്നെയായിരുന്നു. പിന്നീട് സംഘപ്രവര്‍ത്തനത്തില്‍ നിന്ന് കുറേവര്‍ഷം വിദ്യാര്‍ത്ഥിപരിഷത്തിലേക്ക് പറിച്ചുനട്ടു. കെ ജി വേണുവേട്ടനും വി മുരളിയും കെ ജി മുരളിയും എസ് രാമനുണ്ണിയും ബി പ്രശോഭും കൃഷ്ണകുമാറും പ്രേംചന്ദും ഒക്കെ ഒപ്പം പ്രവര്‍ത്തിച്ചു. ദേശീയതലത്തില്‍ മദന്‍ജി, ദത്താജി, ഗോവിന്ദാചാര്യ, ബി സുരേന്ദ്ര തുടങ്ങി പ്രഗത്ഭരുടെ നേതൃത്വത്തില്‍ പലതും പഠിക്കാനായി.

പിന്നീട് ഭാസ്‌ക്കര്‍ റാവുജിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായത് മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായതിനുശേഷമാണ്. ജോലി കിട്ടിയത് എറണാകുളത്ത് ആയതുകൊണ്ട് ഒഴിവുവേളകളില്‍ പലപ്പോഴും പോയിരുന്നത് കാര്യാലയത്തിലേക്കായിരുന്നു. എളമക്കര മാധവ നിവാസിലെ വിശാലമായ ഹാളില്‍ വിരിച്ചിട്ട പായകളിലായിരുന്നു പലപ്പോഴും ചര്‍ച്ചകള്‍. പക്ഷേ, പത്രപ്രവര്‍ത്തനത്തിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടേണ്ടെന്നു കരുതി കാര്യാലയത്തില്‍ താമസിക്കാന്‍ കൂടിയില്ല. ഇടയ്ക്ക് എത്തുന്ന പരമേശ്വര്‍ജിയെയും സ്ഥിരമായി ഉണ്ടാകാറുള്ള എം എ സാറിനെയും ഹരിയേട്ടനെയും സേതുവേട്ടനെയും ഒക്കെ അവിടെ കണ്ടു. 1988-89 കാലഘട്ടത്തില്‍ എറണാകുളത്ത് അന്നത്തെ സര്‍സംഘചാലക് ബാലാ സാഹേബ് ദേവരസ്ജി വരുന്നുണ്ടായിരുന്നു. മട്ടാഞ്ചേരിക്കടുത്ത് കൂവപ്പാടം സ്‌കൂളിലായിരുന്നു പരിപാടി. പത്രക്കാര്‍ക്ക് പ്രവേശനം ഇല്ലാത്തതുകൊണ്ട് മുതിര്‍ന്നവരാരും അന്ന് ഇന്റര്‍വ്യൂവിന് സമീപിച്ചില്ല. പരിപാടിയ്ക്ക് രണ്ടുദിവസം മുന്‍പ് കാര്യാലയത്തിലെത്തി ഭാസ്‌കര്‍ റാവുജിയോട് ചോദിച്ചു, സര്‍സംഘചാലകിന്റെ ഇന്റര്‍വ്യൂ കിട്ടാന്‍ സാധ്യതയുണ്ടോ എന്ന്. സുരേഷ് വന്നുനോക്ക് നമുക്ക് ശ്രമിക്കാം.

അന്ന് രാവിലെ കൂവപ്പാടം സ്‌കൂളിലെത്തി. കൂടെ ഫോട്ടോഗ്രാഫര്‍ ജയകൃഷ്ണനെയും കൂട്ടിയിരുന്നു. ഭാസ്‌കര്‍ റാവുജിയെ കണ്ടപ്പോള്‍ അദ്ദേഹം തന്നെ നേരിട്ടാണ് സര്‍സംഘചാലകിനോട് സംസാരിച്ചത്. തിരക്കുണ്ട്, എന്നാലും സ്വയംസേവകനായതുകൊണ്ട് 10 മിനിറ്റ് തരും. ദേവരസ്ജിയെ കണ്ടു. മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാനേ അവസരം കിട്ടിയുള്ളൂ. പക്ഷേ, അന്ന് അത് വലിയ വാര്‍ത്തയായി. ഒപ്പം സംഘത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളിലും ഇടം പിടിച്ചു. ആര്‍ എസ് എസ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുരാഷ്ട്രം എന്ന സങ്കല്പത്തില്‍ ഭാരതത്തിലെ മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും സ്ഥാനം എന്ത് എന്നതായിരുന്നു ആദ്യചോദ്യം. അന്ന് ദേവരസ്ജി പറഞ്ഞ മറുപടി ഇന്നും മറന്നിട്ടില്ല. സംഘം വിഭാവന ചെയ്യുന്ന ഹിന്ദുത്വം മതമല്ല, അത് രാഷ്ട്രത്തിന്റേതാണ്. ഹിമാലയം സമാരഭ്യ യാവത് ഹിന്ദു സരോവരം തം ദേവനിര്‍മ്മിതം ദേശം ഹന്ദുസ്ഥാനം പ്രചക്ഷ്യതേ. ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയും ഉള്ള ഭാരതവര്‍ഷത്തിലെ മുഴുവന്‍ ജനങ്ങളും ഹിന്ദുക്കളാണ്. വിശ്വാസം കൊണ്ട് ഹിന്ദുക്കള്‍ക്ക് തന്നെ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട്. മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദൈവങ്ങളും ഇതിനോടൊപ്പം തന്നെ പോവും. ഈ സമന്വയത്തിന്റെയും ഏകതയുടെയും നിറവാര്‍ന്ന ചിന്താഗതിയാണ് ഹിന്ദു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് മതാധിഷ്ഠിതമല്ല. പിന്നെ രണ്ടു ചോദ്യങ്ങള്‍ കൂടിയേ ചോദിക്കാന്‍ കഴിഞ്ഞുള്ളൂ.

മാതൃഭൂമി കൊച്ചിയില്‍ നിന്ന് മാറിയതോടെ ഭാസ്‌കര്‍ റാവുജിയെ കാണുന്നത് വിരളമായി. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ സംഘത്തിലും പരിവാര്‍ പ്രസ്ഥാനങ്ങളിലുമുള്ള ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ ഇത്രയേറെ ആഴത്തില്‍ സ്വാധീനിക്കുകയും അവരെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്ത മറ്റൊരാള്‍ ഉണ്ടാകുമോ? സ്വന്തം വീട്ടുകാരെക്കാള്‍ വലുതായി ഒപ്പമുള്ള സ്വയംസേവകനെ ഭാസ്‌കര്‍ റാവുജി സ്‌നേഹിച്ചിരുന്നു എന്നതാണ് ദുര്‍ഗ്ഗാദാസ്ജിയുടെ മരണത്തിനുശേഷം എന്നേക്കാള്‍ വേദനിക്കുന്നവര്‍ വേറെയുണ്ട് എന്നുപറഞ്ഞ് ദുര്‍ഗ്ഗാദാസ്ജിയുടെ പിതാവായ ടി എന്‍ ഭരതേട്ടന്‍ സംഘകാര്യാലയത്തില്‍ ഭാസ്‌കര്‍ റാവുജിയെ തേടിയെത്താന്‍ കാരണം.

46 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close