ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ആരാധകരെ ആവേശത്തിമിർപ്പിലാക്കി ഐഎസ്എൽ പ്രൊമോ വീഡിയോ എത്തി. ഫുട്ബോളിനോടുള്ള പ്രണയം പ്രമേയമാക്കി നിർമ്മിച്ചിരിക്കുന്ന പ്രൊമോ വീഡിയോയ്ക്ക് ഒന്നര മിനിറ്റ് ദൈർഘ്യമാണുള്ളത്. ഇതാണ് യഥാർത്ഥ സ്നേഹം എന്ന ടാഗ് ലൈനാണ് ഇത്തവണത്തെ പ്രൊമോയുടെ ഹൈലൈറ്റ്.
ഐഎസ്എല്ലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കിയ വീഡിയോ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു.
ഈ വരുന്ന 20ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ഐഎസ്എല്ലിലെ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്സും എടികെയുമാണ് ആദ്യ മത്സരത്തിൽ കൊമ്പുകോർക്കുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് ഒരുപാട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത്. എൽക്കോ ഷറ്റോരിയെന്ന പുതിയ കോച്ചിന് കീഴിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്.
കഴിഞ്ഞ സീസണിലേതിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ സൂപ്പർ താരം സന്ദേശ് ജിങ്കന് പകരം ബർത്തലോമിയ ഓഗ്ബച്ചെയാണ് ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്.