ആരാധകർ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മാമാങ്കത്തിന് ഈ വരുന്ന 20ന് കൊച്ചിയിൽ കൊടിയേറുകയാണ്. ഐഎസ്എല്ലിനെ വരവേറ്റുകൊണ്ട് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സിന് വേണ്ടി പുറത്തിറക്കിയ പ്രൊമോ വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ അണിനിരത്തി കേരളീയ പശ്ചാത്തലത്തിൽ സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയ പ്രൊമോയാണ് തരംഗമാകുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സൂപ്പർ ഹീറോ സന്ദേശ് ജിങ്കനും മലയാളികളുടെ സ്വന്തം സഹൽ അബ്ദുൾ സമദും ടിപി രഹനേഷും നായകൻ ബഡത്തലോമിയ ഓഗ്ബച്ചെയും കോച്ച് എൽക്കോ ഷറ്റോരിയും അടക്കമുള്ളവർ അണിനിരക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണവും ആനവണ്ടിയുമെല്ലാം പ്രൊമോയിൽ പ്രമേയങ്ങളായി എത്തുന്നുണ്ട്. ഒപ്പം ഇരുചക്രവാഹനയാത്രക്കാർ ഹെൽമെറ്റ് ധരിക്കണമെന്ന സന്ദേശവുംപ്രൊമോ നൽകുന്നുണ്ട്. മത്സരം കാണാൻ വരുന്നില്ലെന്ന് പറയുന്ന യുവാവ് ഒടുവിൽ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തുന്നതാണ് പ്രൊമോയുടെ കഥ. അടുത്ത അൻപത് കൊല്ലവും ഞാൻ ഇവിടെ തന്നെ വരും എന്ന യുവാവിന്റെ ഡയലോഗിലാണ് വീഡിയോ അവസാനിക്കുന്നത്. എന്നും യെല്ലോ എന്നതാണ് ആറാം സീസണിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ടാഗ് ലൈൻ.
കാൽപ്പന്തുകളിയുടെ പൂരം എന്ന തലക്കെട്ടിരിക്കുന്ന വീഡിയോയ്ക്കൊപ്പം വിട്ടുനിൽക്കാനാവാത്ത വിശ്വാസം എന്ന ടാഗ് ലൈനും ഉൾപ്പെടുത്തിയിട്ടുണ്ട്.