പൂനെ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ നായകന് വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ കളത്തിലിറങ്ങിയപ്പോള്‍ പഴങ്കഥയായത് മുന്‍ നായകന് സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ്. നായകനായി കോഹ്ലിയുടെ 50ാം ടെസ്റ്റാണിത്. 49 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ്ലി തിരുത്തിക്കുറിച്ചത്. 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച മഹേന്ദ്ര സിംഗ് ധോണി മാത്രമാണ് ഇനി കോഹ്ലിക്കു മുന്നിലുള്ളത്.
50 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോഹ്ലിയെ തേടിയെത്തി. കോഹ്ലിയുടെ കീഴില്‍ പൂര്‍ത്തിയാക്കിയ 49 മത്സരങ്ങളില്‍ 29ലും ഇന്ത്യ വിജയിച്ചിരുന്നു. 10 എണ്ണം സമനിലയിലായപ്പോള്‍ 10 മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടു.
2000-2005 കാലഘട്ടത്തില്‍ ഇന്ത്യയെ നയിച്ച ഗാംഗുലിയുടെ പേരില്‍ 21 ടെസ്റ്റ് വിജയങ്ങളുണ്ട്. 13 മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ 15 എണ്ണം സമനിലയില്‍ കലാശിച്ചു. അതേസമയം, ധോണിക്കു കീഴില്‍ കളിച്ച 60 മത്സരങ്ങളില്‍ ഇന്ത്യ 27 എണ്ണത്തില്‍ വിജയിച്ചിരുന്നു. 18 ടെസ്റ്റുകളില്‍ പരാജയപ്പെട്ടപ്പോള്‍ 15 എണ്ണം സമനിലയിലായി.