ഇടുക്കി: മൂന്നാര്‍ ദേവികുളം റൂട്ടിലെ ഗ്യാപ് റോഡിന് സമീപം വീണ്ടും മണ്ണിടിച്ചില്‍. കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ ഉണ്ടായതിന് 400 മീറ്റര്‍ അകലെയാണ് ഇന്ന് രാവിലെ മണ്ണിച്ചിലുണ്ടായത്. അപകടത്തെ തുടര്‍ന്ന് മൂന്നാര്‍ ദേവികുളം ഗ്യാപ് റോഡില്‍ ഗതാഗതം തടസപ്പെട്ടു.
ഒക്ടോബര്‍ 8 ന് ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേരെ കാണാതായിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം മാത്രമെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. റോഡ് നിര്‍മ്മാണം നടക്കുന്ന ഭാഗത്തായിരുന്നു അപകടം ഉണ്ടായത്. ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു.
ജൂലൈ 28 നും പ്രദേശത്ത് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഒന്നരമാസത്തോളം ഇവിടെ ഗതാഗതം നിരോധിച്ചിരുന്നു. ജൂലൈ 28 ന് ഉണ്ടായ വന്‍ മലയിടിച്ചിലിന് ശേഷം ചെറുതും വലുതുമായ 14 ഓളം മലയിടിച്ചിലാണ് ഈ ഭാഗത്തുണ്ടായത്.
റോഡ് നിര്‍മ്മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനി അശാസ്ത്രീയമായി പാറപൊട്ടിച്ചതിനെ തുടര്‍ന്നാണ് മലയിടിച്ചില്‍ ഉണ്ടായതെന്ന് ദേവികുളം സബ്കളക്ടര്‍ രേണുരാജ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മേഖലയില്‍ വീണ്ടും മലയിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.