തിരുവനന്തപുരം: കേരളത്തിലെ ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ പൈലറ്റ് പറക്കാനൊരുങ്ങുന്നു. പരിശീലനത്തിനുള്ള പൂര്‍ണ്ണ സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.20 വയസ്സുള്ള ആദം ഹാരിയാണ് ആദ്യത്തെ പൈലറ്റായി മാറുന്നത്.ഭിന്നലിംഗപ്രശ്നത്തിന്റെ പേരില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച പശ്ചാത്തലമാണ് ആദമിനുള്ളത്.ആദമിന്റെ മിടുക്കും ഉയരങ്ങള്‍ കീഴടക്കാനുള്ള ആഗ്രഹവും മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനമാവുകയാണെന്നും സാമൂഹ്യക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘ഞാനാണ് ഭിന്നലിംഗപുരുഷ വിഭാഗത്തില്‍ ആദ്യമായി വാണിജ്യ വിഭാഗം പൈലറ്റ് ലൈസന്‍സ് കിട്ടുന്നയാള്‍.പരിശീലനത്തിനായുള്ള വലിയതുകയാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്ഗ്ഗിലാണ് സ്വകാര്യ വിമാനം പറത്തല്‍ പരിശീലിച്ചത്.അവിടെവച്ച് എന്റെ ലിംഗമാറ്റം മനസ്സിലാക്കിയ വീട്ടുകാര്‍ പിന്നീടെന്നെ പുറത്തുവിട്ടില്ല. ഒരു വര്‍ഷം വീട്ടുതടങ്കലിലായിരുന്നു.കടുത്ത പീഡനത്തിനൊടുവില്‍ വീട്ടില്‍ നിന്ന് രക്ഷപെട്ടാണ് ജീവിതം തുടങ്ങിയത്’ ആദം വ്യക്തമാക്കി.
വീട്ടില്‍ നിന്ന് ഒളിച്ചോടി എറണാകുളത്ത് വന്നപ്പോള്‍ തന്റെ വിഭാഗത്തില്‍പ്പെട്ട മറ്റൊരാളെ കണ്ടെത്തുകയും ചെയ്തു. താമസിക്കാനിടമില്ലാതെ റെയില്‍വേ സ്റ്റേഷനിലും മറ്റും കിടന്നു. ഹോട്ടലുകളില്‍ പണി എടുത്തു. ഇതിനിടെ ഏവിയേഷന്‍ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ പോയി. തന്റെ ലിംഗഭേദം അറിഞ്ഞതിനാല്‍ ശമ്പളം വളരെ കുറച്ചാണ് തന്നിരുന്നതെന്നും ആദം ഹാരി പറഞ്ഞു. മാധ്യമങ്ങള്‍ ഇടപെട്ടതോടെയാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ ഇടപെടലുണ്ടായത്.വകുപ്പ് സെക്രട്ടറിയാണ് പൈലറ്റ് ലൈസന്‍സിനായി ഉപരിപഠനം ചെയ്യാനും സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാനും നിര്‍ദ്ദേശിച്ചതെന്നും ആദം ഹാരി പറഞ്ഞു.സ്കോളര്‍ഷിപ്പ് ലഭിച്ചതിനെതുടര്‍ന്ന് രാജീവ് ഗന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ ചേര്‍ന്നിരിക്കുകയാണെന്നും ആദം സൂചിപ്പിച്ചു.