മുംബൈ: ബിസിസിഐയുടെ അമരത്തേക്ക് മറ്റൊരു മലയാളി കൂടി എത്തുമെന്ന് സൂചന. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജാണ് ബിസിസിഐയുടെ ജോ.സെക്രട്ടറിയാകാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ജയേഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മത്സരത്തില്‍ ജയേഷിന് എതിരുണ്ടാകില്ലെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായേക്കും എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റാകുമെന്നായിരുന്നു നേരത്തെ അഭ്യൂഹമുണ്ടായിരുന്നത്. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് യോഗത്തില്‍ ഗാംഗുലിയുടെ പേര് ഉയര്‍ന്നു വന്നത്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.
കെസിഎയുടെ ജോ.സെക്രട്ടറി, സെക്രട്ടറി, ട്രഷറര്‍ എന്നീ ചുമതലകള്‍ ജയേഷ് ജോര്‍ജ് വഹിച്ചിട്ടുണ്ട്. കൂടാതെ നേരത്തെ രണ്ടു തവണ ഇന്ത്യ എ ടീമിന്റെ മാനേജരായും ജയേഷ് ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ് കരുണാകരന്‍ നായര്‍, ടിസി മാത്യു എന്നിവരാണ് മുമ്പ് ബിസിസിഐയില്‍ ഭാരവാഹികളായ മലയാളികള്‍.















