ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആവേശകരമായ പോരാട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ വന്‍ മുന്നേറ്റം നടത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 37 പോയിന്റുകള്‍ സ്വന്തമാക്കി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനതെത്തി.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ നേടിയ ഉജ്ജ്വല ഇരട്ട സെഞ്ച്വറിയാണ് കോഹ്‌ലിക്ക് നേട്ടമായത്. ഇതോടെ റാങ്കിംഗില്‍ കോഹ്‌ലിക്ക് 936 പോയിന്റുകളായി. 1 പോയിന്റ് മാത്രം വ്യത്യാസത്തില്‍ 937 പോയിന്റുമായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ കോഹ്‌ലിക്ക് സ്മിത്തിനെ മറികടക്കാം.
ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയുമാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 817 പോയിന്റുമായി പൂജാര നാലാം സ്ഥാനത്തും 721 പോയിന്റോടെ രഹാനെ ഒന്‍പതാം സ്ഥാനത്തുമാണ്.
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവ് അവിസ്മരണീയമാക്കിയ സ്പിന്നര്‍ രവിചന്ദ്രന്‍ ആശ്വില്‍ ബോളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ അഞ്ചാം സ്ഥാനത്തുണ്ട്. ജഡേജയാണ് രണ്ടാമത്.















