കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിന്റെ ഉദ്ഘാടനത്തിന് നിയുക്ത ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയെത്തും. ‘ഫേസ് ഓഫ് ഐഎസ്എൽ’ എന്ന നിലയിൽ മുഖ്യാഥിതിയായാണ് ദാദയെത്തുന്നത്. 20 ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലാണ് ആദ്യ മത്സരം.
ഇക്കുറി ഐഎസ്എലിന് താനുണ്ടാകുമെന്ന് ഗാംഗുലി തന്നെ പറഞ്ഞുകഴിഞ്ഞു. അതിനായി കേരളത്തിലെത്തും. ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും. റാഞ്ചിയിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് തനിക്ക് നഷ്ടമാകുമെന്നും ഗാംഗുലി പ്രതികരിച്ചു.
എടികെയുടെ സഹ ഉടമ കൂടിയായ ഗാംഗുലി 20ന് കൊച്ചിയിലെത്തും. മത്സരം കണ്ടതിന് ശേഷം 21 ന് മുംബൈയിലേക്ക് മടങ്ങും. 23 ന് ആണ് ബിസിസിഐ അദ്ധ്യക്ഷനായി ചുമതലയേൽക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന് പ്രചാരം നൽകുന്നതിൽ സുപ്രധാന പങ്ക് വഹിച്ച താരങ്ങളിലൊരാളാണ് ഗാംഗുലി.















