കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എടികെയുടെ മലയാളി താരങ്ങളായ അനസ് എടത്തൊടികയും ജോബി ജസ്റ്റിനും കളിക്കില്ല. വിലക്കുള്ളതിനാലാണ് ഇരുതാരങ്ങൾക്കും ആദ്യ മത്സരം നഷ്ടമാകുന്നത്. ജോബിയ്ക്ക് ഇനി മൂന്ന് മത്സരങ്ങളും അനസിന് ഇനി ഒരു മത്സരവുമാണ് നഷ്ടമാകുക.
കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കുന്നതിനിടെ ഉണ്ടായ പ്രശ്നത്തെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡിസിപ്ലിനറി കമ്മിറ്റി ജോബിയെ ആറുകളികളിൽ നിന്ന് വിലക്കിയിരുന്നു. ആദ്യ മൂന്നു വിലക്കുകൾ ഐ ലീഗിൽ കഴിഞ്ഞതിനാൽ ഇനി നിലനിൽക്കുന്ന മൂന്നു വിലക്കുകൾ കഴിഞ്ഞതിനു ശേഷമേ ജോബിക്ക് ഈ സീസണിൽ കളിക്കാനാകൂ.
ബ്ലാസ്റ്റേഴ്സിനെതിരായി നടക്കുന്ന മത്സരം കൂടാതെ ഹൈദരാബാദ് എഫ്സിക്കെതിരായി ഒക്ടോബർ ഇരുപത്തിയഞ്ചിന് നടക്കുന്ന മത്സരവും ചെന്നൈ എഫ്സിക്കെതിരായി ഒക്ടോബർ മുപ്പതിന് നടക്കുന്ന മത്സരവുമാകും ജോബിക്ക് നഷ്ടമാവുക.
സൂപ്പർ കപ്പിൽ ചുവപ്പ് കാർഡ് ലഭിച്ചതാണ് അനസിന് തിരിച്ചടിയായത്. ഇന്ത്യൻ ആരോസിനെതിരായ മത്സരത്തിലായിരുന്നു ചുവപ്പ് കാർഡ് ലഭിച്ചത്. കാർഡ് ലഭിച്ചതിനെ തുടർന്ന് ഒരു മത്സരത്തിൽ വിലക്ക് ലഭിച്ചതിനാലാണ് അനസിന് ആദ്യ മത്സരം നഷ്ടമാകുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു അനസ്.















