ഹരിയാനയെന്ന ജാട്ട് പ്രമുഖ സംസ്ഥാനത്ത് ഒരു ജാട്ടുകാരനല്ലാത്ത സ്വയം സേവകന് (മനോഹര്‍ലാല്‍ ഖട്ടര്‍) അധികാരത്തിലേറുകയും തുടര്‍ന്നു നടന്ന ജാട്ട് പ്രക്ഷോഭങ്ങള്‍ നിയന്ത്രണ വിധേയമല്ലാതാകുകയും ചെയ്തതോടെ അദ്ദേഹത്തെ പുറത്താക്കണമെന്നു മുറവിളി കൂട്ടിയവരിപ്പോള് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയാണ്.
ഹരിയാനയില്‍ പെണ് ശിശുഹത്യാ നിരക്ക് കുറഞ്ഞതും പെണ്‍കുട്ടികളുടെ ജനന നിരക്ക് കൂടിയതും അഴിമതിരഹിത ഭരണവും മുഖ്യമന്ത്രി എന്ന നിലയില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെ ജനസമ്മതനാക്കി. ഇതിനു പുറമെ, സര്‍ക്കാര്‍ ജോലികളില്‍ ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിവുണ്ടായിരുന്നവയില് വളരെ സുതാര്യമായി നടത്തിയ നിയമനങ്ങളും അദ്ദേഹത്തെ അപ്രതീക്ഷിത വിജയിയാക്കി മാറ്റി. പ്രതിപക്ഷത്തെ പ്രമുഖരായ ഐഎന്‍എല്‍ഡി കുടുംബ വഴക്കിനെത്തുടര്‍ന്ന് പിളര്‍ന്നതും, കോണ്‍ഗ്രസിലെ ഹൂഡ-തന്‍വര്‍ ഗ്രൂപ്പുകളുടെ തമ്മിലടികളും ബിജെപിക്ക് കേക്കിനു മുകളിലെ ഐസിംഗ് പോലെയായി.
നിരവധി കോണ്‍ഗ്രസ്, ഐഎന്‍എല്‍ഡി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയതിലൂടെ ജാട്ട്-ദളിത്-ആഹിര്‍ മേഖലകളിലും ബിജെപി ശക്തമായ കടന്നുകയറ്റം നടത്തി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 10 സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. ആ മോദി തരംഗം ഇപ്പോഴും അവിടെ നിലനില്ക്കുന്നുണ്ടെന്നതാണ് ബിജെപിക്ക് കരുത്തേകുന്നത്.
ചില റിബല്‍ പ്രശ്നങ്ങളുണ്ടെങ്കിലും ബിജെപി സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റുകളില്‍ 62-68 സീറ്റുകള്‍ വരെ നേടാനാണ് സാധ്യത. കോണ്‍ഗ്രസ് 14-19 സീറ്റുകളും ജെജെപി 5-9 സീറ്റുകളും നേടിയേക്കും.