Special

മറാത്തയുടെ രാജാവ് ആര്?

സവ്യ സാചി & ടീം

വീണ്ടുമൊരു തെരഞ്ഞെടുപ്പു കാലം ഇങ്ങെത്തി. ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയും, രാഷ്ട്രീയപരമായി സുപ്രധാന സ്ഥാനമുള്ള ഹരിയാനയും ഈ 21ന് പോളിംഗ്് ബൂത്തുകളിലേക്ക് നീങ്ങുകയാണ്.

മഹാരാഷ്ട്ര സംസ്ഥാനത്ത് 2014ല്‍ എല്ലാ പ്രധാന പാര്‍ട്ടികളും ഒറ്റക്ക് മത്സരിച്ചെങ്കിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബിജെപിയും ശിവസേനയും ചേര്‍ന്ന്
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറുകയായിരുന്നു. എന്നാല്‍ ഇത്തവണ 2 സഖ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയാണിവിടെ, എന്‍ഡിഎയും യുപിഎയും.

എന്‍ഡിഎ സഖ്യകക്ഷികള്‍കൂടി ബിജെപി ചിഹ്നത്തില്‍ മത്സരിക്കുന്നതിലൂടെ മൊത്തം 164 സീറ്റുകളില്‍ ബിജെപി മത്സരിക്കുന്ന പ്രതീതിയാണ്. ബിജെപി മത്സരിക്കുന്ന 2 ഇടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളതടക്കം 126 സീറ്റുകളിലാണ് ശിവസേന മത്സരിക്കുന്നത്. അതേസമയം യുപിഎയില്‍ കോണ്‍ഗ്രസ് 147 സീറ്റുകളിലും എന്‍സിപി 121 സീറ്റുകളിലും സിപിഎം 8 സീറ്റുകളിലും (ശ്രദ്ധിക്കുക സിപിഎം ഈ സഖ്യത്തിലുണ്ട്) ഷേട്കാരി 5 സീറ്റുകളിലും മത്സരിക്കുന്നു. 4 സീറ്റുകള്‍ എസ്പി അടക്കമുള്ള പാര്‍ട്ടികള്‍ക്കു നല്‍കിയപ്പോള്‍ 3 ഇടത്ത് എംഎന്‍എസിനെ പിന്തുണക്കുന്നു. എംഎന്‍എസ് 101 സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളില്‍ ഇവര്‍ യുപിഎയെ പിന്തുണക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ബിജെപി-ശിവസേന സഖ്യം ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് -എന്‍സിപി സഖ്യം സംസ്ഥാനത്ത് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. മോദി തരംഗത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്-എന്‍സിപി വിട്ട് അനവധി നേതാക്കള്‍ ബിജെപിയിലും ശിവസേനയിലും ചേരുകയുണ്ടായി. ഇതിലൂടെ ഈ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ പോലും ബിജെപി മുന്നിലെത്തി.

മറാത്താ പ്രക്ഷോഭത്തെയും വെള്ളപ്പൊക്കക്കെടുതികളെയും കര്‍ഷക പ്രക്ഷോഭത്തെയും വരള്‍ച്ചയെയും തികഞ്ഞ മികവോടെ നേരിട്ട ഫഡ്‌നാവിസ് മറാത്താ പ്രക്ഷോഭത്തെ തണുപ്പിച്ച് അവര്‍ക്കനുകൂലമായി സംവരണമേര്‍പ്പെടുത്തിയത് മറാത്താ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വക്താവായ ശരദ് പവാറിനെപ്പോലും ഞെട്ടിച്ചു കളഞ്ഞിരുന്നു.

സംസ്ഥാനത്തെ 6 മേഖലകളിലെ 288 മണ്ഡലങ്ങളും ഞങ്ങള്‍ ഇക്കഴിഞ്ഞ 70 ദിവസത്തില്‍ സന്ദര്‍ശിക്കുകയുണ്ടായി. കൊങ്കണിലെ 39, മുംബൈയിലെ 36 എന്നിങ്ങനെ 75 സീറ്റുകള്‍ ഉള്‍പ്പെടുന്ന മുംബൈ-കൊങ്കണ്‍ മേഖലയില്‍ യപിഎയെ പരാജിതരാക്കി 62-64 സീറ്റുകള്‍ വരെ എന്‍ഡിഎ നേടിയേക്കും. ഈ 2 മേഖലക്കു പുറമെ വിദര്‍ഭയിലെ 62 ല്‍ 44-47 സീറ്റുകള്‍വരെ എന്‍ഡിഎ നേടിയേക്കും. വടക്കന്‍ മഹാരാഷ്ട്രയിലെ 35ല്‍ 23-24 സീറ്റുകളും, പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ 70 ല്‍ 46-48 സീറ്റുകളും, മറാത്ത് വാഡയിലെ 46 ല്‍ 30-32 സീറ്റുകളും എന്‍ഡിഎ നേടിയേക്കും.

അതായത് എന്‍ഡിഎ ആകെ 205-215 സീറ്റുകളില്‍ വിജയിച്ചേക്കാം. ഇതില്‍ ബിജെപി 131-136 സീറ്റുകളും ശിവസേന 74-79 സീറ്റുകളും നേടുമെന്ന് ഞങ്ങള്‍ കരുതുന്നു… യുപിഎ 62-70 സീറ്റുകള്‍ നേടിയേക്കും. ഇതില്‍ എന്‍സിപിക്ക് 30-36ഉം, കോണ്‍ഗ്രസിന് 25-30 ഉം, മറ്റുള്ള സഖ്യകക്ഷികള്‍ക്ക് 34ഉം സീറ്റുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. മറ്റുള്ള പാര്‍ട്ടികള്‍ക്കും റിബലുകള്‍ക്കും കൂടി 11-13 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. 30 മണ്ഡലങ്ങളില്‍ എന്‍ഡിഎക്കും 12 ഇടത്ത് യുപിഎക്കും റിബലുകളുണ്ട്. എന്‍ഡിഎയില്‍ ശിവസേനക്കാണ് ഇവര്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയേക്കുക. യുപിഎയില്‍ കോണ്‍ഗ്രസിനും.

സിപിഎം 2014ല്‍ ഒരു സീറ്റ് നേടിയിരുന്നു. ദഹേനുവില്‍ അവര്‍ രണ്ടാമതായിരുന്നു. ഇത്തവണയും അവര്‍ക്ക് 1 സീറ്റുണ്ടായേക്കും. ആദിവാസി മേഖലയിലാണ് ഈ 2 സീറ്റുകളും.

എന്‍ഡിഎയുടെ കരുത്ത് ഇവയാണ്

* മോദിയുടെ ജനപ്രീതി
* ദേശീയതയിലൂന്നിയ ഭരണം
* ദേശസുരക്ഷ
* ഫഡ്‌നാവിസിന്റെ ഭരണമികവ്
* കര്‍ഷക ആത്മഹത്യ ചെറുക്കുന്നതിനായി നടത്തിയ ജല്‍ യുക്ത് ശിവര്‍ പോലുള്ള പദ്ധതികള്‍
* ശിവസേനയുമായുള്ള കൂട്ടുകെട്ട്
* കോണ്‍ഗ്രസ്-എന്‍സിപി ശക്തികേന്ദ്രങ്ങളുടെ ക്ഷയവും അവരുടെ പല നേതാക്കളുടെയും കൊഴിഞ്ഞുപോക്കും

379 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close