റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ കാര്യം ഗാംഗുലി താനുമായി സംസാരിച്ചിട്ടേയില്ലെന്ന് വിരാട് കോഹ്‌ലി. ഗാംഗുലി ധോണിയുടെ മടങ്ങിവരവിനെപ്പറ്റി സെല്കടര്‍മാരുമായും നേരിട്ട് ധോണിയോടും സംസാരിക്കുമെന്ന മുന്‍ വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇന്ത്യന്‍ നായകന്‍ മറുപടി നല്‍കിയത്. ഇന്ത്യയുടെ വിജയത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് കോഹ്‌ലി ഉത്തരംപറഞ്ഞത്.
ധോണിയുടെ അന്താരാഷ്‌ട്ര രംഗത്തേക്കുള്ള തിരിച്ചുവരവിനെപ്പറ്റി വിന്‍ഡീസുമായി നടന്ന പരമ്പര മുതല്‍ കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല.വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്ത് വരുകയും ചെയ്തതോടെ ധോണിയുഗം അവസാനിച്ചുവെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ബിസിസിഐയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ ഗാംഗുലി ധോണിയുടെ കാര്യം സംസാരിക്കുമെന്ന് പ്രസ്താവിച്ചിരുന്നെങ്കിലും താനുമായി ആ വിഷയം സംസാരിച്ചിട്ടില്ലെന്നും കോഹ്‌ലി മറുപടി നല്‍കി.
ഇതിനിടെ റാഞ്ചി ടെസ്റ്റില്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി കോഹ്‌ലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങളെ ധോണി കണ്ടപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ വിടാതെ പിന്തുടര്‍ന്നിരുന്നു.തുടര്‍ന്നാണ് കളികള്‍ക്ക് ശേഷമുള്ള പത്രസമ്മേളനം നടന്നത്.















