Special

ഭാഗ്യം തരുന്ന ആമകള്‍, വംശനാശ ഭീഷണി നേരിടുന്ന ശുദ്ധജല ആമകള്‍ക്ക് കാവലായി ഒരു ഗ്രാമം

കാജേല്‍ ഹേരി ഗ്രാമത്തിലെ ചാന്ദ മറ്റു കര്‍ഷകരെ പോലെ തന്നെ ഒരു സാധാരണ കര്‍ഷകയാണ്. രാവിലെ പാടത്തേക്ക് ജോലിക്ക് പോവുകയും വൈകീട്ട് തിരിച്ച് വീട്ടിലെത്തുകയും ചെയ്യുന്ന സാധാരണ കര്‍ഷക . എന്നാല്‍ ഒരു ദിവസം പോലും മുടങ്ങാതെ പതിവായി ചെയ്യുന്ന ഒരാചാരവും ചാന്ദ എന്ന കര്‍ഷകയ്ക്കുണ്ട്.

രാവിലെ പാടത്തേക്ക് പോകുന്നതിനു മുമ്പ് അമ്പലക്കുളത്തിനരികില്‍ ചെല്ലും. അവിടെ നിന്ന് കൈകൊട്ടിവിളിക്കും. കൈകൊട്ടലിന്റെ ശബ്ദത്തിന് തൊട്ടു പിന്നാലെ അമ്പലക്കുളത്തില്‍ പതുക്കെ അലകള്‍ ഉയരുന്നത് കാണാം. നൂറുകണക്കിന് ആമകള്‍ അലകള്‍ക്കൊപ്പം പൊങ്ങിവരും.ചാന്ദ താന്‍ കൊണ്ടു വന്ന ബിസ്‌ക്കറ്റുകളുടേയും റോട്ടിയുടേയും കഷണങ്ങള്‍ ആമകള്‍ക്കായി നല്‍കുകയും അവയോടൊപ്പം കുറച്ചു മണിക്കൂറുകള്‍ അവിടെ ചിലവഴിക്കുകയും ചെയ്യും. ഇത് ഇവിടുത്തെ ഒരു പതിവ് കാഴ്ചയാണ്.

ചാന്ദ മാത്രമല്ല ഗ്രാമത്തിലെ ഓരോരുത്തരും ഈ ആചാരം പാലിക്കുന്നവരാണ്. പതിറ്റാണ്ടുകളായുള്ള ആചാരം തലമുറകളായി തെറ്റിക്കാതെ ഇപ്പോഴും തുടരുകയാണിവിടെ .ഹരിയാനയിലെ ഫത്തേഹബാദ് ജില്ലയിലെ ഗുര്‍ഗോവനിലെ കാജല്‍ ഹേരിയിലാണ് ഈ സുന്ദരമായ ആചാരവും കാഴ്ചയും ഗ്രാമസൗന്ദര്യത്തിന് നിറമേകുന്നത്.

ഗ്രാമത്തിന്റെ പുരോഗതിക്ക് കാരണം കുളത്തിലെ ആമകളാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഒട്ടും പേടിയില്ലാതെയാണ് മനുഷ്യരോട് ഇവ അടുക്കുന്നത്. ഗ്രാമവാസികളും ഇവരെ സംരക്ഷിക്കുന്നത് സ്വന്തം കുടംബത്തിലെ അംഗങ്ങളെ പോലെതന്നെയാണ്. ചില ദിവസങ്ങളില്‍ ആമകള്‍ 20 കിലോ മീറ്റര്‍ ദൂരത്തില്‍ വരെ ഗ്രാമത്തിലൂടെ സഞ്ചരിക്കാറുണ്ട്. ആമ കുളത്തില്‍ തിരിച്ച് എത്തുന്നതു വരെ പ്രാര്‍ഥനയിലായിരിക്കും ഗ്രാമവാസികള്‍.

ആമകളുടെ വംശനാശം സംഭവിക്കുന്ന സമയത്ത് ഗ്രാമത്തിലെ അമ്പലത്തിലെത്തിയ ഒരു സന്യാസിയാണ് ആദ്യമായി ഗ്രാമവാസികളോട് ആമകളെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. ആമകളാണ് ഗ്രാമത്തിന് ഐശ്വര്യം നല്‍കുന്നതെന്ന് ഉപദേശിച്ച സന്യാസി താന്‍ വിലപിടിപ്പുള്ള സമ്മാനം കുളത്തില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും അതിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് കഥ.പിന്നീടാണ് ആമകളെയാണ് സന്ന്യാസി കുളത്തില്‍ സമ്മാനമായി നല്‍കിയതെന്ന് ഗ്രാമവാസികള്‍ തിരിച്ചറിഞ്ഞത്. അന്നു മുതലാണ് കാജല്‍ ഹേരി ഗ്രാമവാസികള്‍ ആമകളെ സംരക്ഷിച്ചു തുടങ്ങിയത്.

ഡല്‍ഹിയില്‍ നിന്ന് നാലു മണിക്കൂര്‍ യാത്രയുണ്ട് കാജല്‍ ഹേരി ഗ്രാമത്തിലേക്ക്. ബിഷ്‌ണോയ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 700 ഓളം കുടുംബങ്ങളാണ് കാജല്‍ ഹേരിയില്‍ താമസിക്കുന്നത്. പകല്‍ സമയങ്ങളില്‍ ഗ്രാമത്തിലെ സ്ത്രീകളാണ് ആമകളെ സംരക്ഷിക്കുന്നത്. രാത്രി കാലങ്ങളില്‍ പുരുഷന്മാരും ആമകള്‍ക്ക് കാവലായി നില്‍ക്കുന്നു. ആമപിടുത്തകാരില്‍ നിന്നും മൃഗങ്ങളില്‍ നിന്നും ആമകളെ സംരക്ഷിക്കാനാണ് ഒരു ഗ്രാമം മുഴുവന്‍ അമ്പലക്കുളത്തിന് സംരക്ഷണം നല്‍കി കാവല്‍ നില്‍ക്കുന്നത്.

200 ഓളം ആമകളെയാണ് കുളത്തില്‍ സംരക്ഷിക്കുന്നത്. നൂറു വയസുളള ആമകള്‍ വരെ കുളത്തില്‍ ഉണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്. 2018-ല്‍ ഗ്രാമവാസികള്‍ ആമകളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഗുരു ഗോരഖ്‌നാഥ് കമ്മ്യൂണിറ്റി റിസര്‍വ് എന്ന പേരില്‍ വനം വകുപ്പില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. ലോകത്ത് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സൗത്ത് ഏഷ്യയിലെ ശുദ്ധജല ആമകളാണ് ഇവയെന്ന് ഐയുസിഎന്‍ സംഘടനയും രേഖപ്പെടുത്തുന്നു. ഗംഗയുടെ പോഷക നദിയായ യമുന കരകവിഞ്ഞപ്പോള്‍ ആമകള്‍ ഇവിടെ എത്തിയതാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

227 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close