ഭുവനേശ്വര്‍ : ഒളിമ്പിക്‌സ് ഹോക്കി യോഗ്യതാ മത്സരത്തില്‍ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് ഉശിരന്‍ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അമേരിക്കയെ ഇന്ത്യന്‍ നിര നിഷ്പ്രഭമാക്കിയത്. രണ്ടു മത്സരങ്ങള്‍ വീതം കളിക്കുന്ന യോഗ്യതാ റൗണ്ടില്‍ അടുത്തമത്സരം ശനിയാഴ്ച നടക്കും.
കളിയുടെ 29-ാം മിനിറ്റില്‍ ആതിഥേയരായ ഇന്ത്യ ലീഡ് നേടി.ലിലീമാ മിന്‍സാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പാദത്തിലെ 40-ാം മിനിറ്റില്‍ ഇന്ത്യക്കായി ശര്‍മിളാ ദേവി രണ്ടാം ഗോളും സ്വന്തമാക്കി. രണ്ടുമിനിറ്റിനകം പെനാല്‍റ്റി കോര്‍ണര്‍ എടുത്ത റാണി റാംപാലില്‍ നിന്ന് ഗുര്‍ജിത് മൂന്നാം ഗോള്‍ നേടി.
മൂന്നാം പാദത്തില്‍ 46-ാം മിനിറ്റില്‍ അമേരിക്കയെ നോക്കുകുത്തിയാക്കി സലീമാ ടീറ്റേ ഇന്ത്യക്കായി നാലാം ഗോള്‍ വലയിലാക്കി. 51-ാം മിനിറ്റില്‍ ഗുര്‍ജിത്ത് പെനാല്‍റ്റി മുതലാക്കിയതോടെ ഇന്ത്യ 5-0 മെന്ന അപരാജിത നിലയിലെത്തി. അവസാനനിമിഷങ്ങളില്‍ പൊരുതിക്കയറിയ അമേരിക്കയ്‌ക്ക് കിട്ടിയ പെനാല്‍റ്റി ആശ്വാസ ഗോളും നേടിക്കൊടുത്തു. എറിന്‍ മാറ്റ്‌സണാണ് ലീഡ് 5-1 ആക്കികുറച്ചത്.















