KeralaLife

ഹര്‍ത്താല്‍ ദിനത്തില്‍ സേവാഭാരതി നല്‍കിയത് തലചായ്ക്കാനൊരിടം: തിരുനെല്ലായി ഗ്രാമത്തില്‍ ഇനി ഒരു കുടുംബം സുരക്ഷിതമായി ഉറങ്ങും

പാലക്കാട്: നാടുമുഴുവന്‍ ഹര്‍ത്താല്‍ ആഘോഷിച്ചപ്പോള്‍ തിരുനെല്ലായിയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ ഒരു കുടുംബത്തിന് ആലയമൊരുക്കി മാതൃകയായി. പാലക്കാട് ജില്ലയിലെ തിരുനെല്ലായി എന്ന ഗ്രാമത്തിലാണ് സമൂഹത്തിനൊന്നാകെ മാതൃകയായ സേവന പ്രവര്‍ത്തനം നടന്നത്.

തകരഷീറ്റുകളാല്‍ മറച്ച് ഏഴുപേരടങ്ങുന്ന ഒരു കുടുംബം തുറസ്സായ പ്രദേശത്ത് താമസിക്കുന്നതാണ് സേവാഭാരതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്. എവിടെനിന്നൊക്കയോ കൊണ്ടുവന്ന കീറിയ ഷീറ്റുകളും പൊട്ടിപ്പൊളിഞ്ഞ തകരകഷ്ണങ്ങളും ചേര്‍ത്തികെട്ടിയ വെറും ഷെഡ്ഡിലാണ് ഒരു ദരിദ്രകുടുംബം വര്‍ഷങ്ങളായി കളിഞ്ഞത്. അധികൃതരുടെ കണ്ണ് തുറക്കാതിരുന്നിടത്താണ് ഏതാനും മണിക്കൂറിനുള്ളില്‍ ഒരു അടച്ചുറപ്പുള്ള വീടുണ്ടായത്. പ്രവര്‍ത്തകര്‍ സ്വന്തം വണ്ടികളില്‍ത്തന്നെ സാധനങ്ങള്‍ എത്തിച്ച് പണിതുടങ്ങിയതോടെ നല്ലവരായ ചില അയല്‍ക്കാര്‍ വിയര്‍ത്തൊലിച്ചു നിന്ന യുവാക്കള്‍ക്ക് ഭക്ഷണവും നല്‍കി.

വീടെന്ന പേരുമാത്രമുള്ള ആ കൂര  പൊളിച്ചുമാറ്റിയ പ്രവര്‍ത്തകര്‍ ഹോളോ ബ്രിക്‌സുകള്‍ എത്തിക്കുകയാണ് ആദ്യം ചെയ്തത്.  സിമന്റ് തറകെട്ടുന്ന പണി അതിവേഗം ശ്രദ്ധയോടെ പൂര്‍ത്തിയാക്കി. മഴവെള്ളം കിനിഞ്ഞു വരാതിരിക്കാന്‍ ഇഷ്ടികനിരത്തി തറ ഉയര്‍ത്തി ബലപ്പെടുത്തിയ ശേഷമാണ് സിമന്റ് ഇട്ടത്. മികച്ച ജിഐ പൈപ്പുകളാല്‍ തൂണുകളുയര്‍ത്തി പരസ്പരം വെല്‍ഡ്‌ചെയ്ത് ഉറപ്പിക്കുകയും ചെയ്തു. വെല്‍ഡ് ചെയ്ത ഇരുമ്പു ഫ്രയിമുകളില്‍ അലൂമിനിയം സ്‌ക്വയര്‍ ട്യൂബുകള്‍ കഴുക്കോലുകളാക്കി ഉറപ്പിച്ചു. മികച്ച പ്ലാസ്റ്റിക് കോട്ടട് ഷീറ്റുകള്‍ മേല്‍ക്കൂരയാക്കി. തുടര്‍ന്ന് അതേ ഷീറ്റുകളാല്‍ വശങ്ങളും മറച്ച് അടച്ചുറപ്പുള്ളതാക്കി മാറ്റി.

അതിരാവിലെ ആരംഭിച്ചപണി സൂര്യനസ്തമിക്കും മുന്നേ പൂര്‍ത്തിയാക്കി സേവാഭാരതി പ്രവര്‍ത്തകര്‍ മടങ്ങുമ്പോള്‍ നിറകണ്ണുകളോടെ ഒരു കുടുംബം നന്ദിയോടെ കൈകള്‍കൂപ്പി. സേവാഭാരതി പ്രവര്‍ത്തകര്‍ പതിവു മന്ദഹാസത്തോടെ നമസ്‌തേ പറഞ്ഞുകൊണ്ട് സേവനമര്‍ഹിക്കുന്ന അടുത്ത ഒരു ലക്ഷ്യത്തിലേക്ക് യാത്രതിരിച്ചു.

478 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close