Sports

ഒഡീഷയെ പിടിച്ചു കെട്ടി ബ്ലാസ്‌റ്റേഴ്‌സ് ; സ്വന്തം തട്ടകത്തിൽ മഞ്ഞപ്പടയ്ക്ക് സമനില

കൊച്ചി: പൊരുതിക്കളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ശക്തരായ ഒഡീഷ എഫ്‌സിയെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടി. കൊച്ചിയിൽ കളി 0–0ന്‌ അവസാനിച്ചു. ജയ്‌റോ റോഡ്രിഗസ്‌, മെസി ബൗളി എന്നിവർക്ക്‌ പരിക്കേറ്റത്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ തിരിച്ചടിയായി. എന്നിട്ടും ഒഡീഷയെ തടയാനായി. ആക്രമണത്തിലും ബ്ലാസ്‌റ്റേഴ്‌സാണ്‌ മുന്നിൽനിന്നത്‌. കെ പി രാഹുലും സഹൽ അബ്‌ദുൾ സമദും പലതവണ ഗോളിന്‌ അടുത്തെത്തി. നാല്‌കളിയിൽ നാല്‌ പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ്‌ ആറാം സ്ഥാനത്തേക്ക്‌ മുന്നേറി. ഒഡീഷ ഇത്രതന്നെ പോയിന്റുമായി അഞ്ചാമതാണ്‌.

ക്യാപ്‌റ്റൻ ബർതലോമിയോ ഒഗ്‌ബെച്ചെയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഒഡീഷ എഫ്‌സിക്കെതിരെ കളിക്കാനിറങ്ങിയത്‌. മുന്നേറ്റത്തിൽ മെസി ബൗളി പകരം വന്നു.മധ്യനിരയിൽ സഹൽ അബ്‌ദുൾ സമദ്‌, കെ പി രാഹുൽ, കെ പ്രശാന്ത്‌, സെർജിയോ സിഡോഞ്ച, മുഹമ്മദ്‌ നിങ്‌ എന്നിവരും. പ്രതിരോധത്തിൽ മുഹമ്മദ്‌ റാക്കിപ്‌, ജയ്‌റോ റോഡ്രിഗസ്‌, ജെസെൽ കർണെയ്‌റോ, രാജു ഗെയ്‌ക്ക്‌വാദ്‌ എന്നിവരെത്തി. ഗോൾ വലയ്‌ക്ക്‌ മുന്നിൽ ടി പി രെഹ്‌നേഷും. ഒഡീഷ ഗോൾവലയ്‌ക്ക്‌ മുന്നിൽ ഫ്രാൻസിസ്‌കോ ഡൊറോൻസോറോ നിന്നു. പ്രതിരോധത്തിൽ ശുഭം സാരംഗി, റാണാ ഗരാമി, നാരായൺ ദാസ്‌എന്നിവർ. ദിവാൻഡ ഡിയാനെ, ക്യാപ്‌റ്റൻ മാർകോസ്‌ ടെബർ, വിനീത്‌ റായ്‌, ജെറി മാവിമിംഗതംഗ, സിസ്‌കോ ഹെർണാണ്ടസ്‌, നന്ദകുമാർ ശേഖർ എന്നിവർ മധ്യനിരയിൽ കളിച്ചു. മുന്നേറ്റത്തിൽ അറിഡാനെ സന്താനയും ഇടംപിടിച്ചു.

കൊച്ചിയിൽ ആദ്യ മിനിട്ടുകളിൽതന്നെ ദൗർഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനെ വേട്ടയാടി. പ്രതിരോധത്തിലെ ഹീറോ ക്യാപ്‌റ്റൻ ജയ്‌റോ റോഡ്രിഗസ്‌ പരിക്കുകാരണം മടങ്ങി. അബ്‌ദുൾ ഹക്കുവായിരുന്നു പകരക്കാരൻ. കളിയിലേക്ക്‌ പതുക്കെ ബ്ലാസ്‌റ്റേഴ്‌സ്‌ തിരിച്ചുവന്നു. മെസി ബൗളി ബോക്‌സിന്‌ പുറത്തുവച്ച്‌ അടിച്ച ഷോട്ട്‌ ഒഡിഷ മധ്യനിരക്കാരൻ ദിവാൻഡ ഡിയാനെ ക്ലിയർ ചെയ്‌തു. പതിനഞ്ചാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ പെനൽറ്റിക്ക്‌ വാദിച്ചെങ്കിലും റഫറി നൽകിയില്ല. പ്രശാന്ത്‌ വലതുപാർശ്വത്തിൽനിന്ന്‌ ഒഴുക്കിയ ക്രോസ്‌ സെർജിയോ സിഡോഞ്ച്‌ സ്വീകരിച്ചു. നല്ലൊരു ഹെഡർ ബോക്‌സിലേക്ക്‌ പാഞ്ഞു. എന്നാൽ ഡിയാനെ വീണ്ടും തടഞ്ഞു. പന്ത്‌ ഡിയാനെയുടെ കൈയിൽ തട്ടിയതായി ബ്ലാസ്‌റ്റേഴ്‌സ്‌ വാദിച്ചു. റഫറി അനുവദിച്ചില്ല. മറുവശത്ത്‌ സിസ്‌കോ ഹെർണാണ്ടസിലൂടെ ഒഡീഷയും ശ്രമിച്ചു.

23-ാം മിനിറ്റിൽ പരിക്ക്‌ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ തളർത്തി. കോർണറിൽനിന്നെത്തിയ പന്തിനായി മെസി ബൗളിയും അറിഡാനെയും ഒരുമിച്ചുയർന്നു. കൂട്ടിയിടിച്ച്‌ വീണു. തലയ്‌ക്കാണ്‌ പരിക്കേറ്റത്‌. ഇരുവർക്കും കളി തുടരാനായില്ല. മെസി ബൗളിക്ക്‌ പകരം മുഹമ്മദ്‌ റാഫി കളത്തിലെത്തി. അറിഡാനെയ്‌ക്ക്‌ പകരം ഒഡീഷ നിരയിൽ ഡെൽഗാഡോയും ഇറങ്ങി. 35–-ാം മിനിറ്റിൽ സഹൽ അബ്‌ദുൾ സമദിന്റെ അതിമനോഹര പ്രകടനം ബ്ലാസ്‌റ്റേഴ്‌സിന്‌ ലീഡ്‌ നൽകേണ്ടതായിരുന്നു. വലതുപാർശ്വത്തിൽ മൂന്ന്‌ ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്‌ത മുന്നേറിയ സഹൽ ബോക്‌സിൽ കടന്നു. റാണാ ഗരാമിയും നാരായൺദാസും ചേർന്ന്‌ സഹലിനെ വീഴ്‌ത്തി. ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും പെനൽറ്റിക്കായി വാദിച്ചു. ഇക്കുറിയും റഫറി നിരാകരിച്ചു. വീണ്ടും ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളിന്‌ അരികെയെത്തി. വലതുപാർശ്വത്തിൽനിന്ന്‌ മുഹമ്മദ്‌ റാഫിയുടെ ക്രോസ്‌. സഹൽ ഹെഡ്‌ ചെയ്യാൻ ശ്രമിച്ചു. സഹലിന്‌ കിട്ടിയില്ല. പന്ത്‌ രാഹുലിന്‌ മുന്നിൽ. സിസർ കട്ടിലൂടെ രാഹുൽ ശ്രമം നടത്തിയെങ്കിലും വലയിലേക്കെത്തിയില്ല.

ആദ്യപകുതിയിൽ ഗോളുകളില്ലാതെ ഇരു ടീമുകളും അവസാനിപ്പിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഡിയാനെയുടെ ഫൗളിൽ റാഫി വീണെങ്കിലും ആശങ്കപ്പെടാനൊന്നുമുണ്ടായില്ല. ഒഡീഷയ്ക്ക്‌ വേണ്ടി ജെറി മാവിമിംഗതംഗ പായിച്ച ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ കീപ്പർ ടി പി രെഹ്‌നേഷ്‌ കുത്തിയകറ്റി. 63–-ാം മിനിറ്റിൽ പ്രശാന്തിന്റെ ഷോട്ട്‌ ബാറിന്‌ മുകളിലൂടെ പറന്നു. ഒഡീഷ മുന്നേറ്റം നടത്തിയപ്പോഴെല്ലാം രാജു ഗെയ്ക്ക്‌വാദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ചെറുത്തുനിന്നു. 78–-ാം മിനിറ്റിൽ റാഫിക്ക്‌ പകരം ഒഗ്‌ബെച്ചെ മൈതാനത്ത്‌ ഇറങ്ങി.

86–-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ തൊട്ടരികെയത്തി. ഒഡീഷ ഗോൾ കീപ്പർ ഫ്രാൻസിസ്‌കോ ഡൊറോൻസോറോയുടെ സേവ്‌ ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു. പ്രശാന്ത്‌ പായിച്ച ക്രോസ്‌ ഒഗ്‌ബെച്ചെയുടെ തലയിൽതട്ടി രാഹുലിന്‌ മുന്നിൽ വീണു. പന്ത്‌ നിയന്ത്രിച്ച്‌ ശക്തമായ അടിയാണ്‌ രാഹുൽ ഉതിർത്തത്‌. എന്നാൽ ഡൊറെൻസോറോ അത്‌ തടഞ്ഞു. ഇഞ്ചുറി ടൈമിലും ബ്ലാസ്‌റ്റേഴ്‌സ്‌ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. നവംബർ 23ന്‌ ബംഗളൂരു എഫ്‌സിയുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. ബംഗളൂരുവാണ്‌ വേദി

58 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close