Special

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖഛായ മാറ്റിയ തിരുനെല്ലായി നാരായണയ്യർ ശേഷന്‍

തിരുനെല്ലായി നാരായണയ്യര്‍ ശേഷന്‍ ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെയുള്ള കാലയളവിലാണ് അദ്ദേഹം ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചത്. തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും അഴിമതിക്കുമെതിരെ കൊണ്ടുവന്ന കര്‍ശനമായ ചില പരിഷ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന് ‘അല്‍-ശേഷന്‍’ എന്ന വിളിപ്പേര് സമ്മാനിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സംവിധാനം എന്താണെന്നും അത് കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്ക ചെയ്യാന്‍ കഴിയും എന്നും കാണിച്ചുതന്ന വ്യക്തിത്വം. പ്രവര്‍ത്തിയിലും ജീവിതത്തിലും ലാളിത്യവും സത്യസന്ധതയും പുലര്‍ത്തിയ അദ്ദേഹം ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എന്തൊക്കെ അധികാരങ്ങളുണ്ടെന്നും ഒരു മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയാണെന്നും ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ മനസിലാക്കി കൊടുക്കുകയായിരുന്നു.

പാലക്കാട് ജില്ലയില്‍ തിരുനെല്ലായിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷന്റെ ജനനം. ശേഷന്റെ പിതാവ് ഒരു അദ്ധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്. ബാസല്‍ ഇവാഞ്ചലിക്കല്‍ വിദ്യാലയത്തില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി.

ക്രിസ്ത്യന്‍ കോളേജില്‍ തന്നെ അദ്ധ്യാപകനായി ചേര്‍ന്ന ശേഷന്‍ മൂന്നു വര്‍ഷം അദ്ധ്യയന ജീവിതത്തിനു ശേഷം 1953ല്‍ പോലീസ് സര്‍വീസ് പരീക്ഷയും 1954ല്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയും പാസായി. പിന്നീട് 1955ല്‍ അദ്ദേഹം ഒരു ഐഎഎസ് ട്രെയിനി ആയി ചേര്‍ന്നു.

ദിണ്ഡിഗലിലെ സബ് കളക്ടറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ആരംഭഘട്ടം മുതല്‍ തന്നെ തന്റെ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതിരുന്ന ശേഷന്‍ പല മന്ത്രിമാരുടെയും കണ്ണിലെ കരടായിരുന്നു. മദ്രാസ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, മധുര ജില്ലാ കളക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ച അദ്ദേഹത്തിന് അമേരിക്കയിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ സാമൂഹിക പരിപാലനത്തിനുള്ള ബിരുദാനനന്തര ബിരുദത്തിനുള്ള എഡ് മേസണ്‍ സ്‌കോളര്‍ഷിപ് ലഭിച്ചു.

ഇന്ത്യാ ഗവണ്മെന്റിലെ പല ഉയര്‍ന്ന പദവികളും വഹിക്കുവാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആണവോര്‍ജ്ജ മന്ത്രാലയത്തിന്റെ ഡയറക്ടര്‍, ബഹിരാകാശ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, തുടങ്ങിയ പദവികള്‍ വഹിച്ചു. തമിഴ്നാട്ടില്‍ വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷന്‍ ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കമ്മീഷന്‍ അംഗം, ബഹിരാകാശ മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി, പരിസ്ഥിതി-വനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പരിസ്ഥിതി മന്ത്രാലയത്തില്‍ അദ്ദേഹം തെഹരി അണക്കെട്ടിനും നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനും അനുമതി നിഷേധിച്ചു. ഗവണ്മെന്റ് അദ്ദേഹത്തിന്റെ നിഷേധത്തിനെ മറികടന്നു മുന്നോട്ടുപോയെങ്കിലും ശേഷന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പരിസ്ഥിതിക്കുവേണ്ടി ഈ പദ്ധതികളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നിരുന്നു.

രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യന്‍ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് അദ്ദേഹം ആസൂത്രണ കമ്മീഷന്‍ അംഗവുമായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്ത് 40,000-ത്തോളം സ്ഥാനാര്‍ത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമര്‍പ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി നടപ്പിലാക്കി തുടങ്ങിയത് ശേഷന്റെ വരവോടെയായിരുന്നു. സുതാര്യവും കാര്യക്ഷമവും കര്‍ശനവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് പേരുകേട്ട തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അദ്ദേഹം വാട്ടര്‍മാരെ നേരിട്ട് പണം നല്കി സ്വാധീനിക്കല്‍ വിരട്ടല്‍ എന്നിവ നിര്‍ത്തലാക്കിച്ചു. സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു കൊണ്ടുളളതും ജാതി, മതo പറഞ്ഞുളള പ്രചാരണവും അവസാനിച്ചത് ശേഷന്റെ ശക്തമായ ഇടപെടലിന്റെ ഫലമായായിരുന്നു. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഫോട്ടോ പതിച്ച വോട്ടര്‍ ഐഡി നല്‍കിയതും തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചിലവാക്കാവുന്ന തുകയില്‍ പരിധി നിശ്ചയിച്ചതും ടി.എന്‍ ശേഷന്റെ പ്രധാന പരിഷ്‌കരണങ്ങളായിരുന്നു. ‘ദേശീയ വോട്ടേഴ്‌സ് അവയര്‍നെസ് കാമ്പെയ്ന്‍’ സംഘടിപ്പിച്ച് ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാന്‍ ഉദ്‌ബോധിപ്പിച്ചു.

അമ്പലം, പള്ളി എന്നിവ കേന്ദ്രീകരിച്ചുള്ള പരസ്യവേലകള്‍ എന്നിവയെല്ലാം ശേഷന്‍ നിര്‍ത്തലാക്കി, നിരീക്ഷകരും മറ്റു കമ്മിഷന്‍ അംഗങ്ങളും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്ത് നിന്നാക്കി, ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി, തെരഞ്ഞെടുപ്പ് സമയത്തെ പരസ്യ മദ്യ വിതരണം നിര്‍ത്തലാക്കിച്ചു. ഇതെല്ലാം ശേഷനെന്ന തെരഞ്ഞെടുപ്പ് കമ്മീഷണറെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി.

1996-ല്‍ അദ്ദേഹത്തിന് മാഗ്‌സസെ അവാര്‍ഡ് ലഭിച്ചു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം 95% ശതമാനം ജനങ്ങളും ശേഷന്റെ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ അംഗീകരിച്ചെന്ന കണ്ടെത്തല്‍ അദ്ദേഹത്തിന്റെ സത്യസന്ധതയും പൊതുജന സ്വീകാര്യതയും എത്രത്തോളമാണെന്നതിന്റെ നേര്‍സാക്ഷ്യമായി മാറി.

459 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close