കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കാനുള്ള തീയതി ഇന്ന് നിശ്ചയിക്കും. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതിയോഗം ഇന്ന് കൊച്ചിയില്‍ ചേരും.
രാവിലെ റവന്യൂ ടവറില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, കമ്മീഷണര്‍, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ആലോചിക്കാനാണ് ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചത്. ഇന്‍ഡോറില്‍ നിന്നുള്ള സ്ഫോടന വിദഗ്ധന്‍ എസ് ബി സര്വടെയും യോഗത്തില്‍ പങ്കെടുക്കും.
ഡിസംബര്‍ അവസാനവാരം ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ തുടങ്ങാനാണ് നിലവില്‍ ധാരണയായത്. കെട്ടിടങ്ങളെല്ലാം ഒരുമിച്ച് പൊളിയ്ക്കാന്‍ തയ്യാറാണെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗമാണ് അന്തിമ തീരുമാനം എടുക്കുക.
ഫ്ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ ഉണ്ടാവുന്ന പ്രകമ്പനത്തിന്റെ ആഘാതം, പൊടിപടലം തുടങ്ങിയവയുടെ കാര്യത്തില്‍ കൈക്കൊള്ളേണ്ട മുന്‍ കരുതലുകളെ കുറിച്ചും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.