കൊച്ചി: പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്നും മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യു വിരമിച്ചു. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് 38കാരനായ സുശാന്ത് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഫുട്ബോള്‍ തനിക്ക് ഒരു കളി മാത്രമായിരുന്നില്ല അത് തന്റെ ജീവതമായിരുന്നു. ഒരു കാര്യത്തിന് വേണ്ടി എത്ര പരിശ്രമിക്കുന്നോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാനെന്നും സുശാന്ത് വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു.
2015ലെ കേരള ബ്ലാസ്റ്റേഴ്സിനായി ചെന്നെ എഫ്സിക്കെതിരെ സുശാന്ത് നേടിയ ലോങ് റേഞ്ചര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തിലെ മികച്ച ഗോളുകളില്‍ ഒന്നാണ്. കരിയറിന്റെ അവസാന കാലത്ത് ഗോകുലം കേരള എഫ്സിയുടെ ക്യാപ്റ്റന്‍ പദവിയും സുശാന്ത് അലങ്കരിച്ചു.
വാസ്കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍, എഫ്സി കൊച്ചിന്, മോഹന്‍ ബഗാന്, നെരോക, പൂനെ സിറ്റി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി സുശാന്ത് കളിച്ചിട്ടുണ്ട്.