മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി. ബാഴ്സലോണ-അത്ലറ്റിക്കോ മാഡ്രിഡിനെയും റയല്‍ മാഡ്രിഡ് വലന്‍സിയയെയും നേരിടും. സൗദി അറേബ്യയിലെ ജിദ്ദയില്‍ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് ജനുവരി 8,9 തീയ്യതികളിലായാണ് മത്സരങ്ങള്‍ നടക്കുക.
ആദ്യമായാണ് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ നാല് ടീമുകള്‍ മത്സരിക്കുന്നത്. ജനുവരി എട്ടാം തീയതി ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡിനെയും ഒമ്പതാം തീയതി റയല്‍ മാഡ്രിഡ് വലന്‍സിയയെയും നേരിടും. ജനുവരി 12നാണ് ഫൈനല്‍ പോരാട്ടം നടക്കുക. സ്പാനിഷ് സൂപ്പര്‍ കപ്പ് നടത്തുവാനായി അമേരിക്ക,ചൈന,ഖത്തര്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനും ആയി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷേ സൗദിക്കാണ് നറുക്ക് വീണത്.
ഓരോ എഡിഷനിലും 40 മില്യണ്‍ യൂറോ എന്ന വമ്പന്‍ തുകക്കാണ് സൗദി അറേബ്യ അടുത്ത മൂന്ന് വര്‍ഷങ്ങളിലേക്കുള്ള സൂപ്പര്‍ കപ്പ് നടത്തുവാന്‍ കരാറിലായത്. ഈ വരുന്ന 15ാം തീയതി നടക്കുന്ന അര്‍ജന്റീന-ബ്രസീല്‍ സൂപ്പര്‍ ക്ലാസിക്കോ മത്സരവും നടക്കുന്നത് സൗദി അറേബ്യയില്‍ ആണ്. അതിനുശേഷം ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റ്സ്-ലസിയോ മത്സരവും സൗദിയിലെ റിയാദില്‍ വച്ച് നടക്കുന്നുണ്ട്.