ലഖ്നൗ: ഉത്തര്‍പ്രദേശിലെ ശിശുസംരക്ഷണ കേന്ദ്രത്തില്‍ വനിതാ ഉദ്യോഗസ്ഥയെ കുട്ടികള്‍ ആക്രമിച്ചു. റായ്ബറേലിയിലെ ഗാന്ധിസേവാ നികേതനിലാണ് മമ്ത ദുബെ എന്ന ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ ആക്രമിക്കപ്പെട്ടത്.
ക്ലാസെടുക്കുന്നതിനിടെ കുട്ടികള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നെന്നും കസേര ഉപയോഗിച്ച് പോലും തന്നെ അടിച്ചെന്നും മമ്ത പറഞ്ഞു. മമ്തയെ കസേര കൊണ്ട് വിദ്യാര്‍ത്ഥി അടിക്കുന്നത് സിസിടിവി ദ്യശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
ഇതിനു മുന്‍പ് കുട്ടികള്‍ തന്നെ ശുചിമുറിയില്‍ പൂട്ടിയിട്ടിരുന്നെന്നും മമ്ത പറഞ്ഞു. എന്നാല്‍ കുട്ടികളെ അനാഥരെന്ന് വിളിച്ചതിനാലാണ് കുട്ടികള്‍ മമ്തയെ ഉപദ്രവിച്ചതെന്ന് ഗാന്ധിസേവാ നികേതന്‍ മാനേജര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തന്നെ ആക്രമിയ്ക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചത് മാനേജറാണെന്നും മാനേജറുമായി നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും മമ്ത ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയെന്നും മമ്ത പറഞ്ഞു.