ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയും ജസ്പ്രീത് ബൂമ്രയും. ബാറ്റിംഗിൽ കോഹ് ലിയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് രോഹിത് ശർമ്മയാണ്. കോഹ് ലിയ്ക്ക് 895 പോയിന്റും രോഹിത്തിന് 863 പോയിന്റുമാണുള്ളത്. ആദ്യ പത്തിൽ മറ്റ് ഇന്ത്യക്കാരില്ല. 19-ാം സ്ഥാനമാണ് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനുള്ളത്.
ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യൻ പേസർ ബൂമ്രയാണ് ഒന്നാം സ്ഥാനത്തുള്ളത്. 797 പോയിന്റമായാണ് ബൂമ്ര ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിന്റെ ട്രെൻഡ് ബോൾട്ടിന് 740 പോയിന്റാണുള്ളത്.
ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം ഹർദ്ദിക് പാണ്ഡ്യയാണ്. പത്താം സ്ഥാനത്താണ് ഹർദ്ദിക്കുള്ളത്. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്ക്സ് ആണ് പട്ടികയിൽ ഒന്നാമതുള്ളത്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
ടീം റാങ്കിംഗിൽ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ന്യൂസിലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.