ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്ലറ്റിക്കിന്റെ ട്രാക്കിലെ കുതിപ്പായ ദ്യുതീചന്ദിനെ ടൈംമാഗസിന്‍ അവരുടെ 100 പ്രമുഖരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പുതുക്കിയ പട്ടികയിലാണ് ട്രാക്കിലെ മിന്നും താരത്തെ ചേര്‍ത്തിരിക്കുന്നത്.
ലോകത്തിലെ വിവിധ മേഖലകളായ വിനോദം, കായികം, ശാസ്ത്രം, രാഷ്ട്രീയം, ആരോഗ്യം, സാമൂഹ്യം തുടങ്ങിയവയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ടൈംമാഗസിന്‍ തിരഞ്ഞെടുക്കാറുള്ളത്.
‘ ലിംഗസമത്വത്തില്‍ വിശ്വസിക്കുന്ന വ്യക്തി എന്ന നിലയില്‍ ടൈം മാഗസിന് തന്നെ പരിഗണിച്ചതില്‍ ഏറെ സന്തോഷിക്കുന്നു. കായികരംഗത്തെ വനിതകള്‍ക്കായി, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഞാന്‍ പ്രവര്‍ത്തിക്കും’ ദ്യുതി പ്രതികരിച്ചു.
ലോക അത്ലറ്റുകള് മാറ്റുരയ്ക്കാറുള്ള നാപ്പോളീ യൂണിവേഴ്സൈഡില് 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ദ്യുതി ജക്കാര്‍ത്താ ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്ററുകളിലും വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരുന്നു.