മുംബൈ: ജമ്മുകശ്മീരിന്റെ അഭിമാന ക്ലബ്ബായ റിയല്‍ കശ്മീര്‍ എഫ്സിയെ അഡിഡാസ് സ്പോണ്സര് ചെയ്തു. ഇന്ത്യയിലെ പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് കഴിഞ്ഞ വര്‍ഷംമാത്രമാണ് റിയല്‍ പ്രവേശിച്ചത്. എന്നാല്‍ ഏറ്റവുമധികം ആരാധകരെ കശ്മിരിലും പുറത്തും നേടിയെടുക്കുന്നതില്‍ വിജയിച്ച ക്ലബ്ബാണ് റിയല്‍.
2019-2020 സീസണിലേക്കാണ് അഡീഡാസെന്ന ആഗോള ഭീമന് കശ്മീര്‍ ക്ലബ്ബിന് സ്വപ്നതുല്യമായ പിന്തുണ നല്‍കിയിരിക്കുന്നത്. ഹിമപ്പുലികളെന്ന് ആരാധകര്‍ പേരിട്ടുവിളിക്കുന്ന ക്ലബ്ബിനെ കഴിഞ്ഞ സീസണില്‍ത്തന്നെ ഏറ്റെടുക്കാന്‍ അഡിഡാസ് തീരുമാനിച്ചിരുന്നു.
കശ്മീരിന്റെ കായികരംഗത്തിനും പൊതുയുവസമൂഹത്തിനും വലിയമാറ്റം കൊണ്ടുവരാന്‍ റിയല്‍ കശ്മീര്‍ എഫ്സി എന്ന പ്രൊഫഷണല്‍ ക്ലബ്ബ് വലിയ പങ്കുവഹിക്കുമെന്നും ജഴ്സി പുറത്തിറക്കല്ച്ചടങ്ങില് അഡിഡാസ് പ്രതിനിധികള്‍ പറഞ്ഞു.
2018-19 സീസണില്‍ കശ്മീരിന് പുറത്ത് കളിക്കാനിറങ്ങിയ എല്ലാ വേദികളിലും എതിര് ടീമുകളും ആരാധകരുമടക്കം വലിയ ആവേശത്തേടെയാണ് കശ്മീര്‍ താരങ്ങളെ പ്രോത്സാഹിപ്പിച്ചത്. ആതേ ആവേശമാണ് ഞങ്ങള്‍ ജഴ്സിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് അഡീഡാസ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ മനീഷ് സാപ്ര പറഞ്ഞു.
‘ ക്രീയേറ്റ്, ബിലീവ്, ഇന്‍സ്പെയര്‍’ എന്ന വാചകം ജഴ്സിയിലെ കോളറുകളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. മാത്രമല്ല സ്വന്തം നാട്ടിലെ ആരാധകര്‍ക്കപ്പുറം ആരാധകരെ സൃഷ്ടിച്ചിരിക്കുന്നതിനാലാണ് ‘അണ്റിയല് ഫാന്‍’ എന്ന വാചകം എഴുതിച്ചേര്‍ത്തതെന്നും അഡിഡാസ് പ്രതിനിധി പറഞ്ഞു.