കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടര കിലോ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. വിപണിയില്‍ 82 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തില്‍ കാലില്‍ ഒട്ടിച്ചാണ് ഒന്നര കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എറണാകുളം സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്.
ദുബായില്‍ നിന്നും കൊച്ചി വരെ അന്താരാഷ്ട്ര സര്‍വീസ് നടത്തി തിരിച്ചു ചെന്നൈക്ക് പോവുകയായിരുന്നു വിമാനത്തിന്റെ സീറ്റിന് പിന്നിലെ മാഗസിന് പോക്കറ്റില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ ബിസ്കറ്റുകളാണ് മാഗസിന് പോക്കറ്റില്‍ നിക്ഷേപിച്ചിരുന്നത്.
ദുബായില്‍ നിന്നും കൊച്ചി വരെ എത്തിയ യാത്രക്കാരന് സീറ്റിന് പിന്നിലെ മാഗസിന് പോക്കറ്റില്‍ സ്വര്‍ണം നിക്ഷേപിച്ച ശേഷം ഇവിടെ നിന്ന് കയറുന്ന യാത്രക്കാരന് സീറ്റ് നമ്പര്‍ കൈമാറുകയായിരിക്കുമെന്ന് കസ്റ്റംസ് കരുതുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.