റിയോഡി ജനീറോ: ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണെന്ന ചോദ്യങ്ങള്‍ക്ക് ഇന്നും വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് ഫുട്ബോള്‍ ഇതിഹാസം പെലെ. ആധുനിക കാലത്തെ ത്രിമൂര്‍ത്തികളായ മെസി, റൊണാള്‍ഡോ, നെയ്മര്‍ എന്നിവരില്‍ ആര്‍ക്കൊപ്പം കളിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് മെസി എന്ന ഉത്തരമാണ് പെലെ നല്‍കിയത്.
‘ലയണല്‍ മെസി സമ്പൂര്‍ണ്ണനായ കളിക്കാരനാണ്. അദ്ദേഹം ഗോളടിക്കുന്നു, കൃത്യ സമയത്ത് പാസുകള്‍ നല്കുന്നു. ഡ്രിബിള്‍ ചെയ്യാനും അദ്ദേഹം കേമനാണ്. ഞങ്ങള്‍ രണ്ടു പേരും ഒരേ ടീമില്‍ കളിച്ചാല്‍ എതിര് ടീമിന് ഒരാള്‍ക്ക് പകരം രണ്ട് പേരെയും ഭയക്കേണ്ടി വരും’. പെലെ വ്യക്തമാക്കി.
പണ്ട് കാലത്ത് ഒരു ടീമില്‍ തന്നെ നിരവധി മികച്ച താരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും മികച്ച രണ്ടോ മൂന്നോ കളിക്കാര്‍ മാത്രമെ ഉള്ളൂവെന്നും പെലെ പറഞ്ഞു. മെസിയും റൊണാള്‍ഡോയും മികച്ച താരങ്ങളാണ്. എന്നാല്‍ ഇവരോടൊപ്പം വേണമെങ്കില്‍ നെയ്മറെയും ഉള്‍പ്പെടുത്താം എന്നേ ഉള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച ഫുട്ബോള്‍ താരം ആരെന്ന് ഫുട്ബോള്‍ ഇതിഹാസം പെലെ തന്നെ വ്യക്തമാക്കിയതോടെ മെസി ആരാധകര്‍ ആവേശത്തിലാണ്.















