മഹാരാഷ്‌ട്രയിൽ എൻസിപി പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ചതോടെ പെരുവഴിയിലായത് ശിവസേനയാണ്. ബാൽ താക്കറെ ഉയർത്തിയ ആദർശത്തിൽ നിന്ന് വ്യതിചലിച്ച് എൻഡിഎയിൽ നിന്ന് വിട്ട് പുതിയ സഖ്യം രൂപീകരിക്കാനിറങ്ങിയ ഉദ്ധവിന്റെ കണക്കു കൂട്ടലുകൾ മുഴുവൻ തെറ്റി.
ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായി ഒഴിവാക്കുന്നതിനായി കേന്ദ്രമന്ത്രി സ്ഥാനം വരെ രാജിവച്ചായിരുന്നു മഹാരാഷ്‌ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേന ഇറങ്ങിപ്പുറപ്പെട്ടത്. തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച ബിജെപിയെ ഒഴിവാക്കി എതിർ ചേരിയിലുണ്ടായിരുന്ന കോൺഗ്രസിനെയും എൻസിപിയെയും കൂട്ടുപിടിച്ച് വിശാല സഖ്യമുണ്ടാക്കി സർക്കാരുണ്ടാക്കാൻ ശ്രമിച്ചതിന് ലഭിച്ച തിരിച്ചടി കൂടിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
ഇന്നലെ രാത്രി മുഖ്യമന്ത്രി പദവി സ്വപ്നം കണ്ട് ഉറങ്ങിയ ഉദ്ധവ് താക്കറെ ഇന്ന് നേരം പുലർന്ന് ഉറക്കമുണർന്നപ്പോൾ കാര്യങ്ങളെല്ലാം കൈവിട്ടു. എൻസിപി പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. ഇപ്പോൾ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാനാവാത്ത അവസ്ഥയിലാണ് ശിവസേന, കോൺഗ്രസ് നേതാക്കൾ. അവർ ഇപ്പോഴും ഞെട്ടലിൽ നിന്ന് വിട്ടുമാറിയിട്ടുണ്ടാവില്ല.
ബിജെപി ബന്ധം വിട്ടു വന്ന ശിവസേനയ്‌ക്ക് സർക്കാരുണ്ടാക്കാനുമായില്ല, കയ്യിലുണ്ടായിരുന്ന കേന്ദ്ര മന്ത്രി സ്ഥാനം പോവുകയും ചെയ്തു. ചുരുക്കം പറഞ്ഞാൽ കടിച്ചതുമില്ല, പിടിച്ചതുമില്ലാത്ത അവസ്ഥ. മുന്നണിയുടെ ഭാഗമല്ലാതെ പെരുവഴിയിലായ അവസ്ഥ. ബിജെപിയെ പിണക്കി സർക്കാർ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട ഉദ്ധവ് താക്കറെയും മകനും ഒരു കാര്യം മറന്നു. തങ്ങൾ പിണക്കിയത്, രാഷ്‌ട്രീയ ചാണക്യൻമാരായ സാക്ഷാൽ അമിത് അനിൽ ചന്ദ്ര ഷായെയും നരേന്ദ്ര ദാമോദർ ദാസ് മോദിയെയുമാണെന്ന്.














