കോഴിക്കോട്: ഡ്യൂറന്റ് കപ്പിനു പിന്നാലെ ഐ ലീഗ് ഫുട്ബോളിലും മികച്ച നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് കേരളത്തിന്റെ ക്ലബ്ബായ ഗോകുലം എഫ്സി. ഈ മാസം 30ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നെരോക്ക എഫ്സിയുമായിട്ടാണ് ഗോകുലത്തിന്റെ ആദ്യ കളി. ഐ ലീഗ് ഫുട്ബോളിനു തയ്യാറെടുക്കുന്ന ഗോകുലം ടീമിനെ കോഴിക്കോട്ടു നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഐ ലീഗ് മത്സരങ്ങള്‍ക്കായുള്ള ഗോകുലം കേരളയുടെ കളിക്കാരെ കോഴിക്കോട്ടു നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ഇതോടൊപ്പം പുതിയ ജഴ്സിയും പുറത്തിറക്കി. സാക്ഷാല്‍ ലിയോണല്‍ മെസിയുടെ നാട്ടുകാരനായ ഫെര്‍ണാണ്ടോ സാന്റിയാഗോ വലേറയുടെ കീഴിലാണ് ടീമിന്റെ പരിശീലനം. ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് വലേറ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഐ ലീഗിലെ ഗോളടിയന്ത്രം ഹെന്റി കിസേക്ക, ലാല്റൊമോവിയ, ആന്ധ്രേ എത്തിയാനേ തുടങ്ങിയ വിദേശ താരങ്ങള്‍ ഇക്കുറി ടീമിലുണ്ട്. വിവിധ രാജ്യാന്തര ക്ലബ്ബുകളില്‍ കളിക്കുന്ന എട്ട് മലയാളി താരങ്ങളും ടീമിന്റെ കരുത്താണ്. മുന്നേറ്റ നിരയിലെ കുന്തമുന മാര്‍ക്കസ് ജോസഫാണ് ക്യാപ്റ്റന്‍. ടീം പ്രഖ്യാപന ചടങ്ങില്‍ ഗോകുലം കേരള എഫ്സി ചെയര്മാന് ഗോകുലം ഗോപാലന്, കോഴിക്കോട് കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.















