ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും. രാത്രി 11 മണിക്കാണ് മത്സരം. ലാംപാര്‍ഡിന്റെ കീഴില്‍ മികച്ച രീതിയില്‍ കളിക്കുന്ന ചെല്‍സിയെ പിടിച്ചുകെട്ടാന്‍ പെപ് ഗാര്‍ഡിയോളയുടെ ടീമിന് കഴിയുമോ എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
എന്നാല്‍ മലയാളികളെ ആവേശത്തിലാക്കി ചെല്‍സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കളിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി മലയാളത്തില്‍ പോസ്‌റ്റെത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റി എതിരായി ചെല്‍സി, എത്തിഹാദ് സ്റ്റേഡിയം, 23 നവംബര്‍ 2019, 11 മണി എന്നീ വിവരങ്ങളാണ് ഫ്രാങ്ക് ലാംപാര്‍ഡിന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി മലയാളികള്‍ ചെല്‍സിക്ക് വിജയാശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിട്ടുണ്ട്.

വിജയത്തില്‍ കുറഞ്ഞതൊന്നും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചിന്തിക്കാന്‍ പോലുമാവില്ല. കാരണം പട്ടികയില്‍ 35 പോയിന്റുമായി ഒന്നാം സ്ഥാനത്തു കുതിപ്പു തുടരുന്ന ലിവര്‍പൂളുമായി ചെല്‍സിക്ക് 9 പോയിന്റിന്റെ വ്യത്യാസമുണ്ട്. സിറ്റിക്ക് സമനിലയോ തോല്‍വിയോ ഉണ്ടാകുകയാണെങ്കില്‍ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ മികച്ച നേട്ടമുണ്ടാക്കും. 25 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി പട്ടികയില്‍ നാലാമതാണ്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിക്ക് 27 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് നിലവില്‍ 26 പോയിന്റുമാണുള്ളത്.















