റോം: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ എസി റോമക്ക് മികച്ച ജയം. ബ്രെഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റോമ തോല്‍പ്പിച്ചത്. മറ്റ് മത്സരങ്ങളില്‍ വെറോണ ഏക ഗോളിന് ഫിയോറിന്റീനയെയും ലാസ്സിയോ 2-1ന് സാസുയോളയേയും സാംദോറിയ 2-1ന് ഉദിനീസയേയും തോല്‍പ്പിച്ചു. പാര്‍മ ബൊലോഗ്ന മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു.
മികച്ച കളി പുറത്തെടുത്ത റോമക്കായി ക്രിസ് സ്മാളിംഗ്, ജിയാന്‍ ലൂക്ക, ഡീന്‍ സീക്കോ എന്നിവരാണ് ഗോളുകള്‍ നേടി ആധികാരിക ജയം സമ്മാനിച്ചത്. വെറോണ ഫിയോറിന്റീനാ മത്സരത്തില്‍ 66-ാം മിനിറ്റില്‍ സാമുവല്‍ ഡീ കാര്‍മൈന്‍ ആണ് വെറോണക്കായി ഗോള്‍ നേടിയത്. സാംപദോറിയ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഉദീനീസയെ തോല്‍പ്പിച്ചത്. 29-ാം മിനിറ്റില്‍ ലിജ്ജാ നെസ്‌ട്രേവ്‌സ്‌കിയിലൂടെ ഉദീനീസ മുന്നിലെത്തിയെങ്കിലും ആദ്യപകുതിയിലെ അധിക സമയത്ത് മനാലോ ഗാബിയാഡീനിയും 75-ാം മിനിറ്റില്‍ ഗാസ്റ്റണ്‍ റാമീറെസും നേടിയ ഗോളുകളിലാണ് സാംപദോറിയ മുന്നേറിയത്.
ലാസ്സിയോക്ക് വേണ്ടി കൈറോ ഇമ്മോബൈല്‍ 34-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 45-ാം മിനിറ്റില്‍ സാസുവോളോ സമനില ഗോള്‍ നേടിയെങ്കിലും ലാസിയോക്ക് വേണ്ടി നിശ്ചിത സമയം കഴിഞ്ഞുള്ള അധിക സമയത്ത് ഫെലിപ്പെ കായ്‌സീഡോ വിജയഗോള്‍ നേടി. സമനിലയില്‍ പിരിഞ്ഞ ബൊലോഗ്ന പാര്‍മ മത്സരത്തില്‍ 17-ാം മിനിറ്റില്‍ ഡീജാനും 71-ാം മിനിറ്റില്‍ ലാക്കോപോണിയും പാര്‍മക്കായി ഗോള്‍ നേടി. എന്നാല്‍ 40-ാം മിനിറ്റില്‍ പലാസിയോയും കളിയുടെ അവസാന നിമിഷങ്ങളില്‍ അനുവദിച്ച അധികസമയത്ത് ബ്ലീറിം ഡീമൈലി സമനില ഗോളും ബൊലോഗ്നക്കായി നേടിക്കൊടുത്തു.















