പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പടിപൂജ നടന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മണ്ഡല കാലത്ത് ആദ്യമായി നടന്ന പടിപൂജ കണ്ടു തൊഴാന്‍ ഭക്തജന പ്രവാഹമാണ് സന്നിധാനത്തേക്ക് എത്തിയത്. 2018ലെ പ്രളയം മൂലം പടിപൂജ നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായി ഈ ഉല്‍സവകാലത്ത് നടത്തിയ പടിപൂജയാണ് ഇന്നലെ സമാപിച്ചത്.
ആദ്യകാലത്ത് ഗിരിദേവതാ പൂജ എന്നറിയപ്പെട്ടിരുന്ന പൂജയാണ് പിന്നീട് പടിപൂജയായി പ്രസിദ്ധമായത്. മുന്‍കാലങ്ങളില്‍ 12 വര്‍ഷത്തിലൊരിക്കലും പിന്നീട് വര്‍ഷത്തിലൊരു തവണയുമൊക്കെയായിരുന്നു പടിപൂജ നടത്തിയിരുന്നത്. എന്നാല്‍ വഴിപാടുകാരേറിയതോടെ മണ്ഡല കാലം അല്ലാത്ത സമയങ്ങളില്‍ പടിപൂജ നടത്തുക പതിവായി.
ശബരിമലയിലെ ഏറ്റവും ചിലവേറിയ വഴിപാടാണിത്. ശബരിമലക്ക് ചുറ്റുമുള്ള പതിനെട്ട് മലകളും ആ വനദേവതകളെ ആവാഹിച്ചതാണ് സന്നിധാനത്തേക്കുള്ള പതിനെട്ട് പടികളെന്നുമുള്ള സങ്കല്‍പ്പമാണ് പടിപൂജക്ക് അടിസ്ഥാനം. നിലവില്‍ 2037വരെയുള്ള പടിപൂജ ബുക്കിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.