ആലപ്പുഴ: ഹരിപ്പാട് മുതുകളും ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപക ക്രമക്കേട്. മസ്ട്രോള്‍ പോലും തയാറാക്കാതെ നടത്തിയ പ്രവര്‍ത്തികള്‍ക്കെതിരെ നടപടി ആവശ്യപെട്ട് പഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കാന്‍ കരാര്‍ നല്‍കിയത് നിയമപ്രകാരമുള്ള ലൈസന്‍സ് ഇല്ലാത്തവര്ക്കാണെന്ന് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പറയുന്നു.
ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന് മുറവിളികൂട്ടുന്നവര്‍ തന്നെ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ നടത്തുന്ന ക്രമക്കേടുകളാണ് പുറത്ത് വരുന്നത്. 35 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനുള്ള ആക്ഷന്‍ പ്ലാന്‍ പുനര്ക്രമീകരിക്കാതെ 2 കോടി 75 ലക്ഷം രൂപയുടെ പദ്ധതിയായി ഉയര്‍ത്തിയതായും പദ്ധതിക്കായി സാമഗ്രികള്‍ ലഭ്യമാക്കാന്‍ സിംഗിള്‍ ക്വട്ടേഷനായി കരാറുകാരെ ഏല്‍പ്പിച്ചതായും പറയുന്നു.
എന്നാല്‍ സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് നിയമപ്രകാരമുള്ള ലൈസന്‍സ് കരാറുകാര്‍ നല്‍കിയിട്ടില്ലന്നും സെക്രട്ടറി കഴിഞ്ഞ ജനുവരി 15ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്കിയ കത്തില്‍ സൂചിപ്പിക്കുന്നു. പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെടുത്താത്ത ഭൂമിയില്‍ പോലും തൊഴിലുറപ്പ് പദ്ധതിപ്രകാരം റോഡുകള്‍ നിര്‍മ്മിച്ചതായും ആക്ഷേപമുണ്ട്. ഇതേ സമയം മസ്ട്രോള്‍ തയാറാക്കതെ നടത്തിയ പ്രവര്‍ത്തിയായതിനാല്‍ ജോലി ചെയ്ത് ഒരു വര്‍ഷമായിട്ടും തൊഴിലാളികള്‍ക്ക് കൂലിയും ലഭിച്ചിട്ടില്ല.