കുവൈറ്റ് സിറ്റി – കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ രജത ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. ഇന്ത്യൻ സെൻട്രൽ സ്കൂൾ മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സീറോ മലബാർ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ഉൽഘാടന കർമം നിർവഹിച്ചു. പ്രസിഡന്റ് തോമസ് കുരുവിള അദ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു പള്ളിക്കുന്നേൽ സ്വാഗതവും ട്രഷറർ വിൽസൺ വടക്കേടത് നന്ദിയും പ്രകാശിപ്പിച്ചു. എപ്പിസ്കോപ്പൽ വികാർ ഫാ. ജോണി ലോണിസ്, ഇന്ത്യൻ എംബസി കോൺസുലർ സെക്രട്ടറി രൺവീർ ഭാർതി, എസ്.എം.സി.എ ഗൾഫ് കോഓർഡിനേറ്റർ ഡോ. മോഹൻ തോമസ്, എസ്.എം.വൈ.എം. പ്രസിഡന്റ് ഡോൺ വര്‍ഗീസ് ബാലദീപ്തി പ്രസിഡണ്ട് ജെഫ്റി ജോയ്, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ ബിജോയ് പാലാക്കുന്നേൽ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ദിവസം സിറ്റി കത്തിഡ്രലില്‍ നിന്ന് ആരംഭിച്ച ദീപശിഖ, ജൂബിലി പതാക എന്നിവയുടെ പ്രയാണം എസ്.എം.വൈ.എം.ന്റെ നേതൃത്വത്തിൽ കുവൈറ്റിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു സമ്മേളന സ്ഥലത്തു എത്തിച്ചേർന്നു. വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ ദീപശിഖയും, പതാകയും ജൂബിലി ഐക്കണുകളും നാല് ഏരിയ ഭാരവാഹികൾക്കും കൈമാറുന്ന ചടങ്ങും വേദിയിൽ നടന്നു. സൈജു മുളകുപാടം, ജോസഫ് കുര്യാക്കോസ്, അനിൽ തയ്യിൽ, ഷൈനി ജോയ് മാനാടൻ എന്നിവരെ ജൂബിലി ലോഗോ ഡിസൈൻ ചെയ്ത ബാബു ജോസഫിനെയും വേദിയിൽ ആദരിച്ചു. തുടര്‍ന്ന് വൈവിദ്ധ്യമായ കലാപരിപാടികളും അരങ്ങേറി. നാല് ഏരിയകളിലായി 13 സോണുകളിലെ 68 കുടുംബ യൂണിറ്റികളിലൂടെ കടന്നുപോകുന്ന ദീപശിഖ, പതാക പ്രയാണത്തിന് സോണൽ ഭാരവാഹികളും കുടുംബ യൂണിറ്റ് ലീഡർമാരും നേതൃത്വം നൽകും. പ്രയാണങ്ങൾ 6 വെള്ളിയാഴ്ച അബ്ബാസിയയില്‍ സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.