ന്യൂഡല്‍ഹി: ഡല്‍ഹി ഫാക്ടറി ദുരന്തത്തില്‍ പരിക്കേറ്റവരെ കേന്ദ്രമന്ത്രി അശ്വിനി ചൗബെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ഉണ്ടായ തീപിടുത്തത്തില്‍ 43 പേര് മരണപ്പെടുകയും പതിനാറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐപിസി 304 പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കെട്ടിടം ഉടമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപകട സമയത്ത് 50-ലേറെ ജീവനക്കാരാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. തൊഴിലാളികള്‍ ഉറങ്ങി കിടക്കുമ്പോഴാണ് അപകടം ഉണ്ടായത്. ജീവനക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വായു സഞ്ചാരമില്ലാത്ത ഫാക്ടറിയില്‍ പെട്ടന്ന് തീ ആളിപടരുകയായിരുന്നു. വിഷപ്പുക ശ്വസിച്ചാണ് പലരും മരണപ്പെട്ടത്. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഡല്‍ഹി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.