കുവൈറ്റ് സിറ്റി : പുരാതന തറവാട് ‘അബ്ബാസിൻറകത്ത് നടമ്മൽ’ ഈമാസം 28, 29 തീയതികളിലായി കുടുംബസംഗമം സംഘടിപ്പിക്കുന്നു. കാപ്പാട് നടക്കുന്ന കുടുംബസംഗമത്തിൽ 2500 പേർ പങ്കെടുക്കുമെന്ന് കുവൈത്ത് ചാപ്റ്റർ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തറവാട്ടിലെ പാവപ്പെട്ടവർക്ക് വീട് വെക്കാനും രോഗികളായവരെ സഹായിക്കാനും പദ്ധതികൾ തയാറാക്കിയതായും സംഘാടകർ അറിയിച്ചു. തറവാട്ടിലെ മുതിർന്ന അംഗമായ എ.എൻ.പി. ഉമ്മർ കുട്ടി സംഗമം ഉദ്ഘാടനം ചെയ്യും. ജൗഹർ മുനവ്വർ, എൻ.പി. ഹാഫിസ് മുഹമ്മദ്, എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനം, മെഡിക്കൽ ക്യാമ്പ്, പാചക മത്സരം, കാരണവർക്കൊപ്പം, പ്രതിഭകളെ ആദരിക്കൽ, കലാ പരിപാടികൾ തുടങ്ങിയവ നടക്കും. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി മൂന്ന് പ്രധാന ശാഖകളുള്ള പുരാതന മുസ്ലിം കുടുംബമാണ് നടമ്മൽ തറവാട്. അബ്ദുറഊഫ്, കെ.വി. നിസാർ, അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് അസ്ലം, മഹബൂബ് കാപ്പാട് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.