തിരുവനന്തപുരം: കൈതമുക്ക് വിഷയത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം എസ്പി ദീപക് രാജിവെച്ചു. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദീപക് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുടുംബത്തേ സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നും സംഭവത്തില്‍ വീഴ്ച്ച പറ്റിയെന്നും ദീപക്ക് പറഞ്ഞു.
സംഭവം സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേട് ഉണ്ടാക്കുന്ന വിധത്തില്‍ പ്രചരിപ്പിക്കാനിടയായതില് ദീപക്കിന് വീഴച്ച പറ്റിയെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് ദീപക്കിനോട് നേരത്തെ തന്നെ പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദീപക്ക് സെക്രട്ടറി സ്ഥാനം രാജി വെച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജിവെച്ചതെന്ന് ദീപക്ക് പറഞ്ഞു.
ബാലാവകാശ കമ്മീഷന്റെ നിലപാടിനെ തള്ളി കുട്ടികള്‍ പട്ടിണി മൂലം മണ്ണ് തിന്നുവെന്ന് ദീപക്ക് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ പോലും സംസ്ഥാന സര്‍ക്കാരിന് നാണക്കേടുണ്ടാക്കി. വിഷയത്തില്‍ മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ദീപക്കിനെ രാജിവെപ്പിച്ചതെന്നും ആക്ഷേപമുണ്ട്.