കുവൈറ്റ് സിറ്റി : കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന ഏഴാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രോത്സവം “നോട്ടം 2019” ഡിസംബർ 20 നു നടക്കും. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ (സിംസ് സാൽമിയ) ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതലാണ് പരിപാടി. 36 സിനിമകളാണു മൽസര വിഭാഗത്തിലുള്ളത്. സിനിമാപ്രവർത്തകരായ ഡോ. സി എസ് വെങ്കിടേശ്വരൻ, ടി കൃഷ്ണനുണ്ണി, സജീവൻ അന്തിക്കാട് എന്നിവർ അംഗങ്ങളായ ജൂറിയായിരിക്കും അവാർഡ് നിർണ്ണയിക്കുക.
സിനിമാ മേഖലക്ക് കഴിഞ്ഞ 40 വർഷമായി അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്ന സേവനത്തിനുള്ള നന്ദി സൂചകമായി നോട്ടം 2019 ഫെസ്റ്റിവലിൽ സൗണ്ട് ഡിസൈനർ ടി കൃഷ്ണനുണ്ണിയെ ആദരിക്കും. ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ടെക്നിക്കൽ വർക്ഷോപ്പും ശനിയാഴ്ച വൈകീട്ട് 6 മുതൽ സാരഥി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രസിഡന്റ് ഷാഹിൻ ചിറയിൻകീഴ്, ഫെസ്റ്റിവൽ ഡയറക്റ്റർ വിനോദ് വലുപറമ്പിൽ, ജന: സെക്രട്ടറി പ്രവീൺ നന്ദിലത്ത്, ജനറൽ കോഡിനേറ്റർ ഉണ്ണി താമരാൽ, കൺവീനർ മാരായ ബേബി ഔസെഫ് , യാസിർ എന്നിവർ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.