ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച മാസങ്ങളായിരുന്നു 2019 കേരളത്തിനു സമ്മാനിച്ചത് . വനിതാ മതിലിൽ തുടങ്ങി ശബരിമലയിലെ ആചാര ലംഘനം , അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത പരാജയം, പുത്തുമലയിലും കവളപ്പാറയിലുമുണ്ടായ പ്രകൃതി ദുരന്തങ്ങൾ അങ്ങനെ നിരവധി സംഭവവികാസങ്ങൾക്കാണ് പോയവർഷം കേരളം സാക്ഷിയായത്.
ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ അയ്യപ്പ ഭക്തരുടെ നാമജപ പ്രതിഷേധങ്ങൾക്കിടെയാണ് 2019 ആരംഭിച്ചത്. പുതുവർഷത്തിലെ ആദ്യ ദിനത്തിൽ തന്നെ ആചാരങ്ങളെ വെല്ലുവിളിക്കനെന്നോണം സിപിഎം നേതൃത്വത്തിൽ നവോത്ഥാന സമിതി വനിതാ മതിൽ സംഘടിപ്പിച്ചു. അന്ന് രാത്രി തന്നെ ലക്ഷോപലക്ഷം അയ്യപ്പ ഭക്തരുടെ നെഞ്ചിൽ പൊള്ളലേൽപ്പിച്ചുകൊണ്ട് രണ്ട് ആക്ടിവിസ്ടുകളെ വേഷപ്രച്ഛനരാക്കി സന്നിധാനത്തെത്തിച്ചു. ആചാരലംഘനം നടന്നതിനാൽ ശബരിമലയുടെ ചരിത്രത്തിലാദ്യമായി തന്ത്രി നടയടച്ചിറങ്ങിയതിന് 2019 മൂക സാക്ഷിയായി.
പിന്നീട് കേരളം കണ്ടത് ഇതുവരെ കാണാത്ത, അയ്യപ്പ ഭക്തരുടെ അണപൊട്ടിയ പ്രതിഷേധങ്ങളായിരുന്നു. ആചാരലംഘനത്തിനെതിരെ പന്തളത്ത് നാമജപ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ചന്ദ്രൻ ഉണ്ണിത്താനെന്ന അയ്യപ്പ ഭക്തനെ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞ് കൊന്നു. പോസ്റ്റ് മോർട്ടം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഹൃദയാഘാതമാണ് മരണകാരണമെന്ന വിചിത്ര വാദവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി.
ജനുവരി 15ന് നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനു സമർപ്പിച്ചു. ശേഷം കൊല്ലത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാന മന്ത്രി ശബരിമല വിഷയത്തിലെ ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും നിലപാട് ഉറക്കെ പ്രഖ്യാപിച്ചു.
പോയ വർഷത്തെ ഏറ്റവും വലിയ സംഭവങ്ങളിലൊന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടി തന്നെയാണ്. ശബരിമല വിഷയത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാൽ ആ വികാരം പാർട്ടിയെ സാരമായി തന്നെ ബാധിച്ചു. കേരളത്തിലെ ആകെ 20 സീറ്റിൽ ഒരെണ്ണത്തിൽ മാത്രമാണ് പാർട്ടിയ്‌ക്ക് ജയിക്കാനായത്. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതും ശ്രദ്ധേയമായി.
സംസ്ഥാനത്ത് ഏറ്റവുമധികം സിറ്റിംഗ് എംഎൽഎമാർ മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പും ഇത്തവണത്തേതായിരുന്നു. ഏഴ് എംഎൽഎമാരായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ഇതിൽ നാല് പേർ വിജയിച്ചതോടെ സംസ്ഥാനത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. പാലായും മഞ്ചേശ്വരവുമടക്കം ആറ് മണ്ഡലങ്ങൾ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങി.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആദ്യം തെരഞ്ഞെടുപ്പ് നടന്നത് പാലായിൽ. കെഎം മാണി അഞ്ച് പതിറ്റാണ്ടിനു മുകളിൽ പ്രതിനിധീകരിച്ചിരുന്ന പാലായിൽ നിന്ന് മറ്റൊരു മാണി വിജയിച്ചു. എൻസിപിയുടെ മാണി സി കാപ്പൻ. കേരള കോൺഗ്രസിലെ തമ്മിലടിയും ജോസ് വിഭാഗത്തിന് ജോസഫ് വിഭാഗം രണ്ടില ചിഹ്നം നൽകാതിരുന്നതും യുഡിഎഫിന് തിരിച്ചടിയായി. പിന്നീടിങ്ങോട്ട് ചെയർമാനെയും ചിഹ്നത്തെയും ചൊല്ലിയുള്ള തർക്കവും അധികാര വടംവലിയും കേരള കോൺഗ്രസിൽ രൂക്ഷമായി. തർക്കം കോടതിയിലും കയറി.
പിന്നീട് അഞ്ച് മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഒരുമിച്ച് പ്രഖ്യാപിച്ചു. അഞ്ചിൽ മൂന്നിടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ രണ്ടിടത്ത് ഇടതുമുന്നണി വിജയിച്ചു. യുഡിഎഫ് മണ്ഡലങ്ങളായിരുന്ന വട്ടിയൂർക്കാവും കോന്നിയും ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോൾ മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിർത്തി. ഇതിനൊപ്പം ഇടതുകോട്ടയായിരുന്ന അരൂരിലും യുഡിഎഫ് വിജയിച്ചു.
ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളിത്തർക്കവും തുടർന്ന് കോടതി ഉത്തരവ് സർക്കാർ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ നിലപാടെടുത്തതും പോയവർഷം തന്നെയായിരുന്നു.
നൂറ്റാണ്ടിന്റെ പ്രളയത്തിനാണ് 2018 സാക്ഷ്യം വഹിച്ചതെങ്കിൽ അതിന്റെ തുടർച്ചയ്‌ക്കാണ് 2019 സാക്ഷിയായത് . നോക്കി നിൽക്കെ ഭൂപടത്തിൽ നിന്ന് ഇല്ലാതായ ഒരിടം അതാണ് കവളപ്പാറ . ഓഗസ്റ്റ് 8 ന് രാത്രിയാണ് കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്.
ഒറ്റ രാത്രി കൊണ്ടാണ് ഒരു ഗ്രാമം ഭൂപടത്തിൽ നാശോന്മുഖമായി മാറിയത്. 59 പേരുടെ മൃതദേഹമാണ് കവളപ്പാറയിലെ മണ്ണിനടിയില്‍ നിന്നും കണ്ടെത്തിയത്. നിരവധി വീടുകളാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞത്. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്. രണ്ടു തവണയാണ് ഇവിടെ ഉരുൾപൊട്ടിയത് . വീടുകളിരുന്നിടത്ത് ഇപ്പോൾ പാറകളും, മരത്തടികളും മാത്രം. ഉരുള്‍പൊട്ടല്‍ സംഭവിച്ച പ്രദേശത്തുള്ള 50 ലധികം ആളുകളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കാണാതായവർക്കായി പുത്തുമലയിൽ 18 ദിവസമാണ് തെരച്ചിൽ നടന്നത്. കാണാതായ 17 പേരില്‍ 12 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത് . ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ജി പി ആർ ഉപയോഗിച്ച് പോലും ഇവിടെ തെരച്ചിൽ നടത്തിയിരുന്നു .
ഹൈക്കോടതിയും സുപ്രീംകോടതിയും കയറിയിറങ്ങിയ ഒട്ടേറെ സംഭവ വികാസങ്ങൾക്കും 2019 സാക്ഷിയായി. സംസ്ഥാനത്തെ റോഡുകൾക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഹൈക്കോടതി പലവട്ടം ആഞ്ഞടിച്ചു. കോടികൾ ചിലവഴിച്ച് നിർമ്മിച്ച പാലാരിവട്ടം പാലം പഞ്ചവടിപ്പാലമായി. പാലം നിർമ്മാണത്തിൽ വൻ അഴിമതിയുണ്ടായെന്ന് വിജിലൻസ് കണ്ടെത്തി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തോടൊപ്പം വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയത
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരും കുടുംബത്തോടെ വിദേശ പര്യടനം നടത്തുന്നതിനും മലയാളികൾ സാക്ഷിയായി. വിദേശ നിക്ഷേപം ആകർഷിക്കാൻ എന്നാണ് പരസ്യമായ പ്രസ്തവനയെങ്കിലും കേരളത്തിൽ 10 പെർക്കെങ്കിലും തൊഴിൽ ലഭിക്കുന്ന ഒരു വിദേശ നിക്ഷേപവും വന്നില്ലെന്നതും ശ്രദ്ധേയം. തോറ്റ എം പി സമ്പത്തിനെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി പിണറായി സർക്കാർ ഡൽഹിയിൽ നിയമിച്ചപ്പോഴും ഖജനാവിന് നഷ്ടം വർഷം അരക്കോടിയിലേറെ രൂപയാണ് . ഇതടക്കം അഞ്ചോളം കാബിനറ്റ് പദവികളും സംസ്ഥാന സർക്കാർ സൃഷ്ടിച്ചെടുത്തു .
കാലാവധി പൂർത്തിയാക്കി ഗവർണർ ജസ്റ്റിസ് പി സദാശിവം മടങ്ങിയതും പകരം ആരിഫ് മുഹമ്മദ് ഖാൻ പുതിയ ഗവർണറായി ചുമതലയേറ്റതും പോയവർഷമായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാജ പ്രചാരണവുമായി ഇടതുവലതുമുന്നണികൾ രംഗത്തെത്തി. ഒടുവിൽ കേന്ദ്ര സർക്കാരിനെതിരെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വേദി പങ്കിട്ടു. ജനോപകാരപ്രദമായ വിഷയങ്ങളിൽ നേർക്കുനേർ നിന്നിരുന്നവർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാജ പ്രചാരണം നത്താൻ ഒന്നിച്ചിറങ്ങിയതിനും 2019 സാക്ഷിയായി.
2019 രാഷ്‌ട്രീയ കേരളത്തിന് നഷ്ടങ്ങളുടേത് കൂടിയായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ അതികായൻ കെഎം മാണിയുടെ വേർപാടാണ് പോയവർഷത്തിന്റെ ഏറ്റവും വലിയ നഷ്ടം. ഇത്തവണ പാലാ നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി കെഎം മാണിയില്ലാത്തതും മാണി ജയിക്കാത്തതുമായ ഒരു തെരഞ്ഞെടുപ്പും നടന്നു.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡി. ബാബു പോള്‍, സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോന്‍, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ എന്നിവരും പോയവർഷത്തിന്റെ നഷ്ടങ്ങളാണ്. ഏറ്റവും ഒടുവിലായി കുട്ടനാട് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ വേർപാടാണ് കേരളത്തിനുണ്ടായത്.















