കുവൈറ്റ് സിറ്റി : പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം കുവൈറ്റും കാപ്പിറ്റയർ കൺസൾട്ടിംഗും സംയുകതമായി “ പ്രവാസികൾക്കുള്ള നികുതി ആസൂത്രണവും നിക്ഷേപ സാധ്യതകളും“ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കാപ്പിറ്റയർ കൺസൾട്ടിംഗ് ഡയറക്ടർ ശ്രീജിത് കുനിയിൽ തെരെഞ്ഞെടുക്കപ്പെട്ട പ്രൊഫഷണലുകളുടെ സദസ്സിലാണു സെമിനാർ അവതരിപ്പിച്ചത്.
പ്രവാസികളുടെ നികുതി ആസൂത്രണതിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടകാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ടാണു ശ്രീജിത് സെമിനാർ ആരംഭിച്ചത്. അതോടൊപ്പം നികുതി ആസൂത്രണം നികുതി ഒഴിവാക്കൽ നികുതി വെട്ടിക്കൽ എന്നിവയിൽ നിന്നും എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതും വിശദമാക്കി. നികുതി നിയമത്തിനുള്ളിൽ നിന്നു കൊണ്ടു പ്രവാസികൾക്കു അവലംബിക്കാവുന്ന നികുതി ഇളവുകളെ പറ്റിയും അടച്ച നികുതിയിൽ നിന്നും നിയമാനുസ്രുതം തിരിച്ചു ലഭിക്കാവുന്ന മാർഗ്ഗങ്ങളെ പറ്റിയും അദ്ദേഹം പ്രതിപാദിച്ചു.
പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം വെെസ് പ്രസിഡന്റ് ഇ. രാജഗോപാലന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഷേര്‍ളി ശശിരാജന്‍ ശ്രീജിത് കുനിയിലിനെ സദസ്സിന് പരിചയപ്പെടുത്തിയപ്പോള്‍ ബിജു ജനാര്ദ്ദനന് പ്രഭാഷകനുള്ള ഉപഹാരം കെെമാറി. അഡ്വ. തോമസ് സ്റ്റീഫന്‍ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.