ഇന്ത്യന്‍ കരസേനയിലെ ഏറ്റവും പ്രഗത്ഭനായ ഉദ്യോഗസ്ഥന്മാരില് ഒരാളാണ് ബിപിന്‍ റാവത്ത്. സര്‍ജിക്കല്‍ സ്ട്രൈക്കുകളുടെ മാസ്റ്റര്‍ എന്നാണ് ബിപിന്‍ റാവത്ത് വിശേഷിക്കപ്പെടുന്നത്. 2016 ലാണ് അദ്ദേഹത്തെ കരസേന മേധാവിയായി നിയമിക്കുന്നത്. വിരമിക്കുന്നതിന് തൊട്ട് മുന്‍പാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ടോളിഗഡിവാള് ജില്ലയിലെ പുരിയിലാണ് ബിപിന്‍ റാവത്തിന്റെ ജനനം.
ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദേഹം പിന്നീട് ഖഡക് വാസ്ലെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്നുമാണ് പട്ടാള പരിശീലനം പൂര്‍ത്തിയാക്കിയത്. അക്കാദമിയില്‍ നിന്നും സ്വാര്‍ഡ് ഓഫ് ഓണര്‍ നേടിയാണ് അദ്ദേഹം പാസിംഗ് ഔട്ട് ആയത്.
വെല്ലിംഗ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് കോളേജില്‍ നിന്നും ബിരുദവും കാന്‍സാസിലെ അമേരിക്കന്‍ സൈനിക കോളേജില്‍ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ലഫ്റ്റനന്റ് ജനറലായിരുന്ന അതെ യൂണിറ്റില്‍ തന്നെയായിരുന്നു റാവത്ത് ആദ്യമായി കമ്മീഷന് ചെയ്യപ്പെട്ടത്.
1978 ല്‍ ഇന്ത്യന്‍ കരസേനയുടെ ഗൂര്‍ഖ റൈഫില്‍സ് അഞ്ചാം ബറ്റാലിയനിലേക്കായിരുന്നു അദ്ദേഹം കമ്മീഷന് ചെയ്യപ്പെട്ടത്. ജമ്മു കശ്മീരിലെ ഉറിയില്‍ ഒരു കമ്പനിയുടെ കമാന്‍ഡര്‍ ആയും പിന്നീട് പൂനെയില്‍ സതേണ്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു. കിബിത്തുവിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില് ഈസ്റ്റ് സെക്ടറിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനിലും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ സ്റ്റാഫ് അസെസ്മെന്റിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോംഗോ, മ്യാന്മര്, വിയറ്റ്നാം ബംഗ്ലാദേശ് എന്നി സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള റാവത്ത് വിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാമെഡല്‍ എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.















