ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെ സാധ്യത പട്ടികയില്‍ ഇന്ത്യന്‍ താരവും. പോയ വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന മികച്ച താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് ഇടം പിടിച്ചിരിക്കുന്നത്. ലോകകപ്പ് നടന്ന വര്‍ഷമായതിനാല്‍ ടൂര്‍ണമെന്റിലെ പ്രകടനവും നിര്‍ണായകമാകും.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ച വര്‍ഷമായിരുന്നു 2019. ന്യൂസിലന്‍ഡിനെ കീഴടക്കി ഏകദിന ലോകകപ്പില്‍ മുത്തമിട്ട ഇംഗ്ലണ്ട് താരങ്ങളുടെ പ്രകടനം പുരസ്‌കാര നിര്‍ണയത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനാവും സാധ്യത. ലോകകപ്പ് ഫൈനലിലും ആഷസിലെ ഹെഡിംഗ്ലി ടെസ്റ്റിലും മികച്ച പ്രകടനമാണ് സ്‌റ്റോക്‌സ് പുറത്തെടുത്തത്.
രോഹിത് ശര്‍മ്മയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണ് കടന്നുപോയത്. ലോകകപ്പില്‍ മാത്രം അഞ്ച് സെഞ്ച്വറികളാണ് രോഹിത് അടിച്ചു കൂട്ടിയത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും രോഹിത് തന്നെയായിരുന്നു. പോയ വര്‍ഷം കളിച്ച അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 556 റണ്‍സാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. ഐസിസി പുരസ്‌കാരം നേടാന്‍ ഏറ്റവും സാദ്ധ്യത കല്‍പ്പിക്കുന്ന താരങ്ങളില്‍ രോഹിത് മുന്‍പന്തിയില്‍ തന്നെയുണ്ട്.
ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള മറ്റൊരു താരം. അന്താരാഷ്‌ട്ര വിക്കറ്റ് വേട്ടക്കാരില്‍ 99 വിക്കറ്റുകളുമായി പാറ്റ് കമ്മിന്‍സായിരുന്നു ഒന്നാം സ്ഥാനത്ത്. ലോകകപ്പില്‍ 10 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളും കമ്മിന്‍സ് സ്വന്തമാക്കിയിരുന്നു.















